മാറ്റുരച്ചത് മികച്ച ചിത്രങ്ങൾ; ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും
L
തിരുവനന്തപുരം : ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. നാളെ വൈകിട്ട് മൂന്ന് ദേശീയ പുരസ്കാരങ്ങളും ഉച്ചയ്ക്ക് 12ന് സംസ്ഥാന പുരസ്കാരങ്ങളുമാണ് പ്രഖ്യാപിക്കുന്നത്. എഴുപതാമത് ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം, ഋഷഭ് ഷെട്ടിയുടെ കാന്താര, കെ.ജി.എഫ് 2, ബ്രഹ്മാസ്ത്ര, മഹാൻ. പൊന്നിയൻ സെൽവൻ എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാനചിത്രങ്ങൾ.
സംസ്ഥാനതലത്തിൽ പത്തോളം ചിത്രങ്ങളാണ് അവസാന ഘട്ടത്തിലെത്തിയത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയ ആടുജീവിതവും കാതലുമാണ് ജൂറിയുടെ പരിഗണനയിലുള്ള പ്രധാന ചിത്രങ്ങൾ. മികച്ച സംവിധായക പുരസ്കാരത്തിന് ബ്ലെസിയും ജിയോ ബേബിയും തമ്മിൽ കടുത്ത മത്സരമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഒരേ ചിത്രത്തിലെ അഭിനയത്തിന് ഉർവശിയും പാർവതിയും മികച്ച നടിക്കുള്ള പുരസ്കാരത്തിന് മത്സരിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിലെ അഭിനയമാണ് ഇരുവരെയും അവസാന റൗണ്ടിലെത്തിച്ചത്. ആടു ജീവിതത്തിലെ സംഗീത സംവിധാനത്തിന് എ.ആർ. റഹ്മാനെയും പുരസ്കാരത്തിന് പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകൾ.