ജോലിക്കായി ജർമ്മനിയിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; ഏറ്റവും പുതിയ അറിയിപ്പ്

Friday 16 August 2024 4:28 PM IST

ജോലി ആവശ്യത്തിനായി ജർമ്മനിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. ഇന്ത്യൻ വിദഗ്ധ തൊഴിലാളികൾക്കുള്ള ദീർഘകാലത്തേക്കുള്ള വിസ പ്രോസസ്സ് ചെയ്യുന്നതിനുള്ള സമയം ഒമ്പത് മാസത്തിൽ നിന്ന് രണ്ടാഴ്ചയായി കുറച്ചു. ഷെങ്കൻ ന്യൂസാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യത്തിന് വൈദഗ്ധ്യമുള്ള തൊഴിലാളികളെ അടിയന്തരമായി ആവശ്യമുണ്ടെന്നും അതുകൊണ്ട് ഇന്ത്യൻ അപേക്ഷകരുടെ കാത്തിരിപ്പ് സമയം രണ്ടാഴ്ചയായി കുറച്ചതായി ജർമ്മനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കിനെ ഉദ്ധരിച്ച് ഷെങ്കൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ജർമ്മൻ ഇക്കണോമിക് ഇൻസ്റ്റിറ്റിയൂട്ട് കണക്ക് പ്രകാരം 2023ൽ ജർമ്മനിയിൽ ഏകദേശം 570,000 ജോലി ഒഴിവുകൾ ഉണ്ടായിരുന്നു. ഈ ഒഴിവുകളിലേക്ക് അപേക്ഷിച്ചവരുടെ വിസ നടപടികൾ വൈകുന്നത് കാരണം പരിശീലന കാലയളവ് നീളുന്നു. കൂടാതെ ജർമ്മനിയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യൻ കമ്പനികൾ തങ്ങളുടെ വിദഗ്ധ തൊഴിലാളികളെ രാജ്യത്ത് എത്തിക്കാൻ വേഗത്തിലുള്ള വിസ നടപടികൾ ആവശ്യപ്പെടുന്നുണ്ട്.

ഫെഡറൽ ഫോറിൻ ഓഫീസിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 2024 ജനുവരി മുതൽ ജൂൺ വരെ 80,000 തൊഴിലുമായി ബന്ധപ്പെട്ട വിസകൾ രാജ്യം അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14 ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ജർമ്മൻ എംപിമാരായ യുർഗൻ ഹാർഡിനെയും റാൽഫ് ബ്രിങ്കോസിനെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ജർമ്മനിയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ സുഖമമാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

ഓഗസ്റ്റ് 13ന് ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ തമിഴ്നാട് സിലൂരിൽ നടന്ന സംയുക്ത അഭ്യാസമായ 'തരംഗ് ശക്തി'യിൽ പങ്കെടുത്തിരുന്നു. ജർമ്മൻ വ്യോമസേന ഇന്ത്യൻ വ്യോമസേനയുമായി ചേർന്ന് ആദ്യമായാണ് അഭ്യാസം നടത്തുന്നത്.

Advertisement
Advertisement