സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കാരിയറെ കണ്ടെത്തി; പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് പൊലീസ്

Saturday 17 August 2024 5:25 AM IST

തിരുവനന്തപുരം/ശംഖുംമുഖം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തമ്പാനൂർ ബസ് സ്റ്റാൻഡിലേക്ക് ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയ സ്വർണക്കടത്തു കാരിയറായ തമിഴ്നാട് തിരുനെൽവേലി മേലെപാളയം സ്വദേശി മുഹമ്മദ് ഉമറിനെ വ്യാഴാഴ്ച രാവിലെ പൊലീസ് കണ്ടെത്തി. വിമാനത്താവളത്തിൽ ഡ്യൂട്ടി അടച്ച് സ്വർണം എടുക്കാനായി കന്യാകുമാരി സ്വദേശി ആന്റണി ജോർജ് അലക്സ് എന്ന യാത്രക്കാരനൊപ്പം എത്തിയപ്പോഴാണ് വഞ്ചിയൂർ പൊലീസ് കണ്ടെത്തിയത്. ഇരുവരെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

ബുധനാഴ്ച പുലർച്ചെ 12.15നാണ് സ്വിഫ്റ്റ് കാറിലെത്തിയ സംഘം തകരപ്പറമ്പിൽ നിന്ന് മുഹമ്മദ് ഉമറിനെ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ പക്കൽ കള്ളക്കടത്ത് സ്വർണം ഉണ്ടെന്ന നിഗമത്തിലാണ് ഗുണ്ടാസംഘം ഓട്ടോറിക്ഷ തടഞ്ഞുനിറുത്തി തട്ടിക്കൊണ്ടുപോയത്. സ്വർണം ഇല്ലെന്ന് മനസിലാക്കിയതോടെ അരമണിക്കൂറിന് ശേഷം ഓവർ ബ്രിഡ്‌ജിന് സമീപത്ത് മുഹമ്മദിനെ ഇറക്കിവിടുകയായിരുന്നു. തുടർന്ന് ഇയാൾ തമ്പാനൂർ ബസ് സ്റ്റാൻഡിലെത്തി തിരുനെൽവേലിയിലേക്ക് പോയി. എന്നാൽ മുഹമ്മദ് മടങ്ങിപ്പോയത് അറിയാത്ത പൊലീസ് നാടാകെ അരിച്ചുപെറുക്കുന്നതിനിടെയാണ് ഇയാൾ ഇന്നലെ വിമാനത്താവളത്തിലെത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തെ കുറിച്ച് വ്യക്തമായ സൂചനകൾ പൊലീസിന് ലഭിച്ചു.

സംഭവം ഇങ്ങനെ

തിരുനെൽവേലി മേലേപാളയം കേന്ദ്രീകരിച്ച് സ്വർണകടത്ത് നടത്തുന്ന നാണിയാർ എന്നയാളുടെ കാരിയറാണ് ഉമർ.നാണിയർക്ക് വേണ്ടി വിദേശത്ത് നിന്ന് യാത്രക്കാർ വഴി കൊടുത്തുവിടുന്ന സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് എത്തിക്കുന്ന ജോലിയാണ് ഉമറിന്റേത്. ചൊവാഴ്ച രാത്രി സിംഗപ്പൂരിൽ നിന്നെത്തിയ സ്‌കൂട്ട് എയർലൈൻസിലെ യാത്രക്കാരനായ കന്യാകുമാരി സ്വദേശി ആന്റണി ജോർജ് അലക്സ്,​ നാണിയാർക്കായി സ്വർണം കൊണ്ടുവന്നിരുന്നു.ഇതുവാങ്ങാനായി വിമാനത്താവളത്തിൽ കാത്തുനിന്ന ഉമറിനെ, കി‌ഡ്നാപ്പിംഗ് സംഘം രഹസ്യമായി നിരീക്ഷിച്ചിരുന്നു. വിമാനമിറങ്ങിയ അലക്സിന്റെ പക്കലുണ്ടായിരുന്ന സ്വർണം അനുവദനീയമായ തൂക്കത്തെക്കാൾ കൂടുതലായതിനാൽ എയർകസ്റ്റംസ് ഇന്റലിജൻസ് പിടിച്ചുവച്ചു. ഡ്യൂട്ടി അടച്ചാൽ വിട്ടുനൽകാമെന്നും കസ്റ്റംസ് അറിയിച്ചു . എന്നാൽ തന്റെ പക്കൽ പണമില്ലന്നും പിന്നീട് ഡ്യൂട്ടിയടച്ച് സ്വർണം തിരിച്ചെടുത്തോളാമെന്നും അറിയിച്ചു. അടയ്‌ക്കേണ്ട ഡ്യൂട്ടിയുടെ രസീത് വാങ്ങി ടെർമിനലിൽ നിന്ന് അലക്സ് പുറത്തിറങ്ങി. അലക്സിനെ കണ്ടുപിടിച്ച് ഉമർ സ്വർണം ആവശ്യപ്പെട്ടപ്പോൾ സ്വർണം പിടിച്ചുവച്ചെന്നും ഇതിന് തെളിവായി രസീതും കാണിച്ചു. രസീതുമായെത്തി അടുത്ത ദിവസം സ്വർണം എടുക്കാനും ഇരുവരും തീരുമാനിച്ചു. അലക്‌സിൽ നിന്ന് രസീത് വാങ്ങി ഉമർ ഓട്ടോറിക്ഷയിൽ തമ്പാനൂർ ബസ്‌സ്റ്റാൻഡിലേക്ക് പോകുകയുമായിരുന്നു. തന്നെ സ്വീകരിക്കാനെത്തിയ ബന്ധുക്കൾക്കൊപ്പം അലക്സും പോയി. വിമാനത്താവളത്തിന് സമീപത്ത് ചാക്ക ഭാഗത്ത് നിന്നാണ് തമ്പാനൂരിലേക്ക് പോകാനായി ഉമർ ഓട്ടോറിക്ഷയിൽ കയറിയത്. ഉമറിനെ സ്വർണവുമായാണ് പോകുന്നതെന്ന് സംശയിച്ച് തട്ടിക്കൊണ്ടുപോയ സംഘം ഓട്ടോയെ പിന്തുടർന്നു. തകരപ്പറമ്പ് എത്തിയപ്പോൾ ഓട്ടോ തടഞ്ഞ് ഉമറിനെ വലിച്ച് കാറിലിട്ട് മർദ്ദിച്ചു. സ്വർണം കസ്റ്റംസ് പിടിച്ചെന്ന രസീത് കാണിച്ചതോടെ ഇയാളുടെ പക്കൽ സ്വർണമില്ലെന്ന് ഉറപ്പാകുകയായിരുന്നു.

Advertisement
Advertisement