മതേതര സിവിൽ കോഡ് അനിവാര്യം : മോദി
ന്യൂഡൽഹി: മതത്തിന്റെ പേരിൽ വിഭജിക്കുകയും വിവേചനം വളർത്തുകയും ചെയ്യുന്ന നിയമങ്ങൾക്ക് ആധുനിക സമൂഹത്തിൽ സ്ഥാനമില്ലെന്നും രാജ്യത്ത് മതേതര സിവിൽ കോഡ് ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു ആഹ്വാനം.
നിലവിലെ സിവിൽ കോഡ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഏക സിവിൽ കോഡ് അനിവാര്യമാണെന്ന് പറഞ്ഞു. ഇതിൽ വിപുലമായ ചർച്ച വേണം. ഭരണഘടനാ ശില്പികളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കണം. വ്യത്യസ്തമായ അഭിപ്രായങ്ങൾ സ്വാഗതം ചെയ്യണം. 75 വർഷത്തെ സാമുദായിക സിവിൽ കോഡ് മാറി മതേതര സിവിൽ കോഡിലേക്ക് നീങ്ങുന്നത് സമത്വം ഉറപ്പാക്കും.
ഒരു ലക്ഷം യുവാക്കൾ
രാജ്യത്തെയും ജനാധിപത്യത്തെയും വംശീയ രാഷ്ട്രീയം, ജാതീയത എന്നിവയിൽ നിന്ന് മോചിപ്പിക്കാൻ രാഷ്ട്രീയ പശ്ചാത്തലം ഇല്ലാത്ത കുടുംബങ്ങളിലെ ഒരു ലക്ഷം യുവാക്കളെ ജനപ്രതിനിധികളാക്കാൻ ലക്ഷ്യമിടുന്നു. ഇഷ്ടമുള്ള പാർട്ടിയിൽ ചേരുകയും പ്രതിനിധിയാകുകയും ചെയ്യാം.
ഒരു തിരഞ്ഞെടുപ്പ്
മൂന്ന് - ആറുമാസം കൂടുമ്പോൾ രാജ്യത്ത് എവിടെയെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്നത് പുരോഗതിക്ക് തടസമാണ്. എല്ലാ പദ്ധതികൾക്കും തിരഞ്ഞെടുപ്പിന്റെ നിറം. പുരോഗതിക്കും വിഭവങ്ങളുടെ വിനിയോഗത്തിനും 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്" എന്ന ആശയം ഉൾക്കൊള്ളണം.
അഴിമതിയോട് വിട്ടുവീഴ്‌ചയില്ല
ചിലർ അഴിമതിയെ മഹത്വവത്കരിക്കുന്നു. അഴിമതിക്കെതിരെ പോരാടുന്നത് എളുപ്പമല്ലെങ്കിലും ഒന്നും രാജ്യത്തെക്കാൾ വലുതല്ല. അഴിമതി നടത്തുന്നവർ ഭയക്കുന്ന അന്തരീക്ഷം സൃഷ്‌ടിച്ച് സാധാരണക്കാരെ കൊള്ളയടിക്കുന്ന പാരമ്പര്യം അവസാനിപ്പിക്കാം.
ന്യൂനപക്ഷങ്ങളുടെ സുരക്ഷ
ബംഗ്ളാദേശിൽ സ്ഥിതി ഉടൻ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. ന്യൂനപക്ഷ ഹിന്ദുക്കളുടെ സുരക്ഷ പ്രഥമപരിഗണന. അയൽ രാജ്യങ്ങളിൽ സന്തുഷ്‌ടിയും സമാധാനവും ആഗ്രഹിക്കുന്നു.
വയനാടിന് അനുശോചനം
പ്രകൃതിദുരന്തങ്ങളിൽ കുടുംബവും സ്വത്തും നഷ്ടപ്പെട്ടവരോടുള്ള അഗാധമായ അനുശോചനം അറിയിക്കുന്നു. പ്രതിസന്ധി ഘട്ടത്തിൽ രാജ്യം ഒപ്പമുണ്ട്.