കല്ലാർ മൊട്ടമൂട്ടിൽ ഭീതിപരത്തി ഒറ്റയാൻ

Saturday 17 August 2024 12:47 AM IST

വിതുര: വിതുര പഞ്ചായത്തിലെ കല്ലാർ വാർഡിലെ മൊട്ടമൂട്, ഓടൻച്ചൻപാറ മേഖലയിൽ ഒറ്റയാൻ ഭീതിയും നാശവും പരത്തി വിഹരിക്കുന്നതായി ആദിവാസികൾ പരാതിപ്പെട്ടു. ആന ഇവിടെ തമ്പടിച്ചിട്ട് ഒരാഴ്ചയായാകുന്നു. ഉപജീവനത്തിനായി ആദിവാസികൾ നടത്തിയിരുന്ന കൃഷികൾ മുഴവൻ നശിപ്പിച്ചു. പകലും ഒറ്റയാന്റെ ശല്യം രൂക്ഷമാണ്. വനവിഭവങ്ങൾ ശേഖരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

മഴ കനത്തതോടെയാണ് ഒറ്റയാൻ ഇവിടെ താവളമുറപ്പിച്ചത്. രാത്രിയിൽ ചിന്നം വിളിച്ച് പ്രദേശം മുഴുവൻ ചുറ്റിത്തിരിയുകയാണ്. വിദ്യാർത്ഥികളും പ്രതിസന്ധിയിലാണ്. ഒറ്റയാന് പുറമേ ആനക്കൂട്ടവും എത്തുന്നുണ്ട്. ആനശല്യത്തിന് വനപാലകർക്ക് പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

കാട്ടുമൃഗശല്യം

കല്ലാറിലെ ജനവാസമേഖലകളിലും കാട്ടുമൃഗശല്യം രൂക്ഷമാണ്. മുൻപ് കല്ലാർ പ്രദേശത്ത് അനവധി പേർ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടിട്ടുണ്ട്. കാട്ടുപോത്തും, പുലിയും, കരടിയും വരെ ഇവിടെ താണ്ഡവമാടുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മുൻപ് ഒരു ആദിവാസി മരിച്ചു. പുലി വളർത്തുനായ്ക്കളെ കൊന്നൊടുക്കുകയും പതിവാണ്.

വാഗ്ദാനം കടലാസിൽ

വന്യമൃഗശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് ആദിവാസികൾ നൽകിയ നിവേദനത്തിനും, സമരങ്ങൾക്കും എണ്ണമില്ല. പ്രദേശത്ത് വൈദ്യുതിവേലിയും, ആനക്കിടങ്ങും സ്ഥാപിക്കുമെന്ന അധികാരികളുടെ വാഗ്ദാനം കടലാസിലാണ്. കല്ലാർ മേഖലയിലെ ചില മേഖലകളിൽ സ്ഥാപിച്ച സോളാ‌ർഫെൻസിംഗ് പ്രവർത്തനരഹിതമായി.

ജാഗ്രത

ഒറ്റയാൻ താണ്ഡവമാടുന്ന മേഖലയിൽ ധാരാളം ടൂറിസ്റ്റുകളും എത്തുന്നുണ്ട്. സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്.

Advertisement
Advertisement