യുപിയിൽ കായികാദ്ധ്യാപകന്റെ പീഡനത്തിനിരയായ 14കാരി മരിച്ചു; അന്ത്യം മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ

Saturday 17 August 2024 1:13 PM IST

ലക്‌‌നൗ: കൊൽക്കത്തയിൽ പിജി ഡോക്‌ടർ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടതിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ഉത്തർപ്രദേശിൽ ലൈംഗിക പീഡനത്തിനിരയായ 14കാരി മരിച്ചു. ഉത്തർപ്രദേശിലെ സോൻബാദ്രയിലാണ് സംഭവം. അദ്ധ്യാപകനായ വിശംബറാണ് കുട്ടിയെ പീഡിപ്പിച്ചത്. ഉത്തർപ്രദേശിലെ ബാലിയ സ്വദേശിയാണ്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

പീഡനത്തിനിരയായി കഴിഞ്ഞ 20 ദിവസമായി ബനാറസ് ഹിന്ദു സർവകലാശാല ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കുട്ടി ചൊവ്വാഴ്‌ച അർദ്ധരാത്രിയോടെയാണ് മരണപ്പെട്ടത്.

കഴിഞ്ഞവർഷം ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ കായികാദ്ധ്യാപകനായിരുന്നു വിശംബർ. കായിക മത്സരത്തിൽ പങ്കെടുക്കാനെന്ന പേരിൽ കുട്ടിയെ വിളിച്ചുവരുത്തിയ ഇയാൾ വീട്ടിലെത്തിച്ചതിനുശേഷം പീഡിപ്പിക്കുകയായിരുന്നു. അപമാനം ഭയന്ന കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല.

സംഭവത്തിനുശേഷം കുട്ടിയുടെ ആരോഗ്യനില മോശമാവാൻ തുടങ്ങി. മാസങ്ങൾക്കുശേഷം ഒരു ബന്ധുവിനോടാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. ഇതിനുശേഷം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാൻ വിശംബർ 30,000 രൂപ നൽകിതായി കുടുംബം വെളിപ്പെടുത്തുന്നു.

അപമാനം ഭയന്ന് കുടുംബം വിവരം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ കുട്ടിയുടെ ആരോഗ്യനില കൂടുതൽ മോശമാകാൻ തുടങ്ങിയതോടെ കഴിഞ്ഞ ജൂലായ് പത്തിന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ചുമത്തിയതായും ഇയാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

അതേസമയം, കൊൽക്കത്ത ഡോക്‌ടറുടെ മരണത്തിൽ ഡോക്‌ടർമാർ രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണ്. ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിലും, ഡൽഹി എയിംസിലും പ്രതിഷേധം തുടരുന്നു. ഇന്നുരാവിലെ ആറുമുതൽ 24 മണിക്കൂർ ആണ് പണിമുടക്ക് പ്രതിഷേധം നടത്തുക. അവശ്യ സർവീസുകൾ ഒഴികെ എല്ലാവരും ജോലി മുടക്കി പ്രതിഷേധിക്കുമെന്ന് ഐ.എം.എ പ്രസ്താവനയിൽ അറിയിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർദ്ധനഗ്നമായ നിലയിലാണ് 31കാരിയായ പിജി ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡോക്ടർ ക്രൂരമായ മാനഭംഗത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെ കൊലപാതകത്തിൽ പൊലീസിന്റെ സിവിക് വൊളന്റിയറായ പ്രതി സഞ്ജയ് റോയി പിടിയിലായിരുന്നു.

Advertisement
Advertisement