മണിച്ചിത്രത്താഴ് ഇറങ്ങിയതിന് ശേഷമെങ്കിലും ഭാഗ്യലക്ഷ്മിക്ക് പറയാമായിരുന്നു നാഗവല്ലിയുടെ ശബ്‌ദം തന്റേതല്ലെന്ന്
മലയാളത്തിന്റെ എവർഗ്രീൻ ഹിറ്റായ മണിച്ചിത്രത്താഴ് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും തിയേറ്ററിലെത്തിയിരിക്കുകയാണ്. 1993-ൽ ക്രിസ്മസ് റിലീസായി തിയേറ്ററിൽ എത്തിയ മണിച്ചിത്രത്താഴ് ഇപ്പോൾപുത്തൻ സാങ്കേതിക മികവിൽ ഫോർ കെ അറ്റ്‌മോസിലാണ് എത്തുന്നത്. ഗംഗയും, ഡോ. സണ്ണിയും, നകുലനും, ശ്രീദേവിയുമെല്ലാം ഒരിക്കൽ കൂടി പ്രേക്ഷകന് മുന്നിൽ വിസ്‌മയം തീർക്കും. നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ.
റിലീസ് ചെയ്‌ത് വർഷങ്ങൾക്ക് ശേഷം ചില വിവാദങ്ങളും മണിച്ചിത്രത്താഴ് സൃഷ്‌ടിച്ചിരുന്നു. അതിൽ പ്രധാനം ശോഭനയുടെ വേഷപ്പകർച്ചയിൽ ഉജ്ജ്വലമായ നാഗവല്ലിക്ക് ശബ്‌ദം കൊടുത്തതുമായി ബന്ധപ്പെട്ടായിരുന്നു. വർഷങ്ങളോളം ഭാഗ്യലക്ഷ്‌മിയാണ് നാഗവല്ലിയുടെ ശബ്‌ദത്തിൽ എത്തിയത് എന്നായിരുന്നു പേക്ഷകരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ തമിഴിലെ പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്‌റ്റായ ദുർഗ സുന്ദർരാജനായിരുന്നു. അയ്യായിരത്തിലധികം ചിത്രങ്ങളിൽ ശബ്‌ദം നൽകിയിട്ടുള്ള ദുർഗ 50 വർഷമായി ഡബ്ബിംഗ് ഫീൽഡിലുള്ള മുതിർന്ന ആർട്ടിസ്‌റ്റ് കൂടിയാണ്.
അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് ദുർഗ സുന്ദർരാജൻ പ്രതികരിച്ചത് ഇങ്ങനെ-
''മണിച്ചിത്രത്താഴ് സിനിമയിൽ എന്റെ പേരില്ലായിരുന്നു. 23 വർഷത്തിന് ശേഷമാണ് പ്രേക്ഷകർ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന കാര്യം ഞാൻ അറിഞ്ഞത്. മറ്റു ചില ഡബ്ബിംഗ് ആർട്ടിസ്‌റ്റുകളാണ് എന്നെ നിർബന്ധിച്ചത് സത്യമെന്താണെന്ന് പ്രേക്ഷകരോട് പറയാൻ. അങ്ങിനെയാണ് ചില അഭിമുഖങ്ങളിൽ നാഗവല്ലിക്ക് ശബ്‌ദം കൊടുത്തത് ഞാൻ ആണെന്ന കാര്യം വെളിപ്പെടുത്തിയത്.
സിനിമ ഇറങ്ങിയതിന് ശേഷമെങ്കിലും ഭാഗ്യലക്ഷ്മിക്ക് പറയാമായിരുന്നു നാഗവല്ലിക്ക് ശബ്‌ദം നൽകിയത് താൻ അല്ലായിരുന്നെന്ന്. ചെന്നൈയിൽ ആയിരുന്നത് കൊണ്ട് ഇതിനെ പറ്റി കൂടുതലൊന്നും അറിഞ്ഞിരുന്നില്ല. മറ്റു ഡബ്ബിംഗ് ആർട്ടിസ്‌റ്റുകൾ പറഞ്ഞാണ് പിൽക്കാലത്ത് കാര്യം അറിയുന്നത്. അന്നേ അറിഞ്ഞിരുന്നെങ്കിൽ തുറന്നുപറയുമായിരുന്നു''.