24 മണിക്കൂർ ഒ.പി ബഹിഷ്കരിച്ച് ഡോക്ടർമാർ

Sunday 18 August 2024 12:00 AM IST

തൊടുപുഴ/ കട്ടപ്പന: കൊൽക്കത്തയിൽ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഐ.എം.എ ആഹ്വാനം ചെയ്ത 24 മണിക്കൂർ രാജ്യവ്യാപക സമരത്തിന്റെ ഭാഗമായി ജില്ലയിലെ ഡോക്ടർമാരും ഒ.പി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. കൊൽക്കത്ത സംഭവത്തിലെ കുറ്റവാളികളെ മുഴുവൻ അടിയന്തരമായി അറസ്റ്റ് ചെയ്ത് പരമാവധി ശിക്ഷ ഉറപ്പാക്കുക, ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സംരക്ഷണത്തിനായി ദേശീയ നിയമം കൊണ്ടുവരിക, എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തിയത്. ശനിയാഴ്ച രാവിലെ ആറ് മുതൽ ഞായറാഴ്ച രാവിലെ ആറ് വരെയായിരുന്നു പണിമുടക്ക്. ജില്ലയിലെ സർക്കാർ ആശുപത്രികളിലൊന്നും ഇന്നലെ ഒ.പി പ്രവർത്തിച്ചില്ല. സമരം അറിയാതെ ആശുപത്രിയിലെത്തിയ രോഗികൾക്ക് ഇത് നേരിയതോതിൽ ബുദ്ധിമുട്ടുണ്ടാക്കി. എന്നാൽ സമരം കണക്കിലെടുത്ത് മെഡിക്കൽ കോളേജ്, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെ വിന്യസിച്ചിരുന്നു. അതിനാൽ അടിയന്തര സേവനങ്ങൾക്കൊന്നും തടസം നേരിട്ടില്ല. ആശുപത്രിയിൽ അഡ്മിറ്റായ രോഗികൾക്കും ചികിത്സ ലഭിച്ചു. സമരത്തിന് ആരോഗ്യ പ്രവർത്തകരുടെ വിവിധ സംഘടനകളും പിന്തുണ നൽകിയിരുന്നതിനാൽ ചില സ്വകാര്യ ആശുപത്രികളിലും ഒ.പി മുടങ്ങി. ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ഒ.പി മുടക്കി പ്രതിഷേധിച്ചു. അടിയന്തര ശ്രദ്ധ വേണ്ടിയിരുന്ന രോഗികൾ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. തൊടുപുഴ ജില്ലാ ആശുപത്രിയിലും ഒ.പി പ്രവർത്തിച്ചില്ല. ഡോക്ടർമാർ നടത്തിയ പണിമുടക്ക് അടിമാലി താലൂക്ക് ആശുപത്രിയിലും പൂർണമായിരുന്നു. കട്ടപ്പന താലൂക്ക് ആശുപത്രിയിലും തിരക്ക് കുറവായിരുന്നു. പകർച്ചപ്പനി ബാധിച്ചും വിവിധ അത്യാഹിതം സംഭവിച്ചും ആശുപത്രിയിലെത്തിയ രോഗികൾക്ക് ചികിത്സ നൽകി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ദന്തൽ, ഫിസിയോതെറാപ്പി, അത്യാഹിത വിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. കെ.ജി.എം.ഒ.യുടെ നിർദ്ദേശപ്രകാരം പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പണിമുടക്കി. പണിമുടക്കിനോടനുബന്ധിച്ച്
കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ സംഘടിപ്പിച്ച യോഗം ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജോൺസൺ വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ഡോക്ടർ മുരുകേശൻ മുഖ്യപ്രഭാഷണം നടത്തി. ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. ജോളി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

ആശ്വാസമായി അത്യാഹിത വിഭാഗം

ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചെങ്കിലും ചികിത്സ തേടിയെത്തിയ രോഗികൾക്ക് ആശ്വാസമായി അത്യാഹിത വിഭാഗം പ്രവർത്തിച്ചു. ഇടുക്കി മെഡിക്കൽ കോളേജിൽ ശനി ഒ.പിയുണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതിനാൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. എന്നിട്ടും ആശുപത്രിയിലെത്തിയ ഇരുന്നൂറോളം പേർക്ക് അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകി. ആർ.എം.ഒ ഉൾപ്പെടെയുള്ള ഡോക്ടർമാർ അത്യാഹിത വിഭാഗത്തിൽ സേവനത്തിനുണ്ടായിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിലും അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ അഞ്ച് ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്നലെ ഉച്ച വരെ ഇവിടെ 485 ചീട്ടുകൾ നൽകി. കട്ടപ്പന,​ നെടുങ്കണ്ടം,​ പീരുമേട് താലൂക്ക് ആശുപത്രികളിലും അത്യാഹിത വിഭാഗം പ്രവർത്തിച്ചു.

Advertisement
Advertisement