ബി.ജെ.പിയിലെക്കെന്ന അഭ്യൂഹം തള്ളി ചമ്പൈ

Sunday 18 August 2024 12:56 AM IST

ന്യൂഡൽഹി: ചില എം.എൽ.എമാർക്കൊപ്പം ബി.ജെ.പിയിൽ ചേരുമെന്ന വാർത്ത തള്ളി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം) നേതാവുമായ ചമ്പൈ സോറൻ. ഇക്കൊല്ലം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തങ്ങളെ ദുർബലപ്പെടുത്താൻ ബി.ജെ.പി നടത്തുന്ന നീക്കങ്ങളാണിതെന്ന് ജെ.എം.എം ആരോപിച്ചു. ചമ്പൈ സോറനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയത് ശരിയായില്ലെന്ന് ജാർഖണ്ഡ് മുൻ ബി.ജെ.പി അദ്ധ്യക്ഷനും രാജ്യസഭാ എംപിയുമായ ദീപക് പ്രകാശ് പറഞ്ഞു. ജനങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ സന്തുഷ്ടരായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത് ദൗർഭാഗ്യകരമാണ്. നല്ലൊരു വ്യക്തിയെ മുഖ്യമന്ത്രിക്കസേരയിൽ നിന്ന് ഇറക്കിവിട്ടത് തിരിച്ചടിക്കും. കള്ളപ്പണക്കേസിൽ ഇഡി പ്രതി ചേർത്ത ഹേമന്ത് സോറൻ അറസ്റ്റിന് മുൻപ് രാജിവച്ചതിന് പിന്നാലെ
ജാർഖണ്ഡിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി ചമ്പൈ സോറൻ ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ചുമതലയേറ്റത്. ഹേമന്ത് സോറന് ജാമ്യം ലഭിച്ചതിന് പിന്നാലെ ചമ്പൈ സോറനിൽ നിന്ന് മുഖ്യമന്ത്രി പദം തിരിച്ചെടുത്തു. ഇതിൽ നിരാശനായ ചമ്പൈ സോറൻ ബി.ജെ.പിയിൽ ചേരുമെന്നായിരുന്നു അഭ്യൂഹം.

Advertisement
Advertisement