മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവ്, വമ്പൻ അവസരങ്ങളും; കൈ നിറയെ സമ്പാദിക്കാം, ഒറ്റ നിബന്ധനമാത്രം
വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ 'ആഗോള ഗ്രാമം" എന്ന ആശയത്തിലേക്ക് ലോകം മാറുമ്പോൾ വിദേശഭാഷാ പഠനത്തിനും സാദ്ധ്യതയേറുകയാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക, യു.കെ, കാനഡ, ന്യൂസിലൻഡ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് മറ്റു രാജ്യക്കാർക്ക് ചേക്കേറാൻ ഇംഗ്ലീഷ് ഭാഷാ പഠനം നിർബന്ധമാണ്.
അമേരിക്കയിൽ ഉപരിപഠനത്തിനും തൊഴിലിനും TOEFL (Test of English as a Foreign Language) സ്‌കോറും മറ്റു രാജ്യങ്ങളിൽ IELTS (International English Testing System), OET (Operational English Test), BEC (Business English Communication), Lingua skills എന്നിവയിലേതെങ്കിലുമൊരു പ്രാവീണ്യപരീക്ഷയും ആവശ്യമാണ്. എന്നാൽ അന്താരാഷ്ട്രതലത്തിൽ ഉദ്യോഗാർത്ഥികൾ ഏറെയെത്തുന്ന യൂറോപ്പിലും ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളിലും അതാത് രാജ്യത്തെ ഭാഷ സ്വായത്തമാക്കിയാൽ മാത്രമേ മികച്ച ഉപരിപഠന, തൊഴിൽ സാദ്ധ്യതകൾ ലഭിക്കൂ. ഉന്നത വിദ്യാഭ്യാസ രംഗത്ത് ജർമ്മനി, ഫ്രാൻസ്, ജപ്പാൻ, സ്‌പെയിൻ, ചൈന, ഇറ്റലി എന്നീ രാജ്യങ്ങളിൽ ഭാഷാപ്രാവീണ്യം നിർബന്ധമാണ്.
ജർമ്മൻ
...............
ജർമ്മനിയിൽ ഉപരിപഠനത്തിന് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണ്. എന്നാൽ ജർമ്മനിയിലെത്താൻ ജർമ്മൻ ഭാഷ പഠിച്ചിരിക്കണം. ജർമ്മൻ ഭാഷ പഠിച്ചവർക്ക് പ്രസിദ്ധീകരണങ്ങളിൽ എഡിറ്ററാകാം. പരസ്യം, മാദ്ധ്യമം, ഗവേഷണം, അദ്ധ്യാപനം തുടങ്ങി നിരവധി മേഖലകളിൽ തൊഴിൽ ചെയ്യാം. യൂറോപ്പിൽ ജർമ്മനി, ആസ്ട്രിയ, ബെൽജിയം, ലക്‌സംബർഗ്, ലീഷ്‌ടെൻസ്റ്റിൻ തുടങ്ങിയ ആറു രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷ ജർമ്മനാണ്. ഡെൻമാർക്ക്, ഹംഗറി, കസാഖിസ്ഥാൻ, യുക്രെയിൻ, റൊമാനിയ, റഷ്യ, നമീബിയ, പോളണ്ട് എന്നീ രാജ്യങ്ങളിലും ജർമ്മന് ന്യൂനപക്ഷ ഭാഷാ പദവിയുണ്ട്. ജർമ്മനിൽ A1, A2, B1, B2, C1, C2 കോഴ്‌സുകളുണ്ട്. (A1- Break through, A2 - Wastage, B1-Threshold, B2-Vantage, C1-Effective Proficiency, C2 - Mastery). ജർമ്മനിൽ സർട്ടിഫിക്കറ്റ്, ബിരുദ കോഴ്‌സുകൾക്ക് പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ചേരാം. ബിരുദധാരികൾക്ക് ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ബി.എ, എം.എ, അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.
കേരളത്തിൽ സെന്റ് തോമസ് കോളേജ് പാല, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ യഥാക്രമം ബി.എ, എം.എ, പ്രോഗ്രാമുകളുണ്ട്.
എസ്.ആർ.എം യൂണിവേഴ്‌സിറ്റി, ഗോതെ ഇൻസ്റ്റിറ്റ്യൂട്ട് (ഗോതെ-ചെന്നൈ, കൊൽക്കത്ത, മുംബയ്, ഡൽഹി, പൂനെ) എന്നിവിടങ്ങളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്. സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ & ഇന്ത്യൻ ലാംഗ്വേജ് പൂനെ, സെന്റ് സ്റ്റീഫൻസ് കോളേജ് ഡൽഹി, എം.ഐ.ടി സ്‌കൂൾ ഒഫ് ഫോറിൻ ലാംഗ്വേജ് പൂനെ, യൂണിവേഴ്‌സിറ്റി ഒഫ് മുംബയ് എന്നിവിടങ്ങളിലും സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ പഠിക്കാം.
മഹാത്മാഗാന്ധി മെമ്മോറിയൽ കോളേജ് ഉഡുപ്പി, ഉസ്മാനിയ യൂണിവേഴ്‌സിറ്റി ഹൈദരബാദ്, ഹാൻസ് രാജ് കോളേജ് ഡൽഹി, ബി.പി. ഷിൻഡെ സർക്കാർ കോളേജ് മഹാരാഷ്ട്ര, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്‌സിറ്റി, സെൻട്രൽ യൂണിവേഴ്‌സിറ്റി ഗുജറാത്ത് എന്നിവിടങ്ങളിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ജർമ്മൻ ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്നത് ഡാഡ് ജർമ്മനിയാണ്. കൂടുതൽ വിവരങ്ങൾ www.daad.de- ൽ ലഭിക്കും.
ഇറ്റാലിയൻ
...................
ഇറ്റലി, സ്വിറ്റ്‌സർലൻഡ്, വത്തിക്കാൻ സിറ്റി, സ്ലോവേനിയ, ക്രോയേഷ്യ എന്നിവിടങ്ങളിലെ ഔദ്യോഗിക ഭാഷ ഇറ്റാലിയനാണ്. ഇറ്റാലിയനിൽ A1, A2, B1, B2, C1, C2 നിലവാരത്തിലെ പ്രാവീണ്യ പരീക്ഷകളുണ്ട്. ഒരു വർഷത്തെ സർട്ടിഫിക്കറ്റ്, മൂന്നുവർഷ ബിരുദ, രണ്ടു വർഷ ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ഡൽഹിയിലെ ഇറ്റാലിയൻ എംബസി കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് കോഴ്‌സ് നടത്തുന്നു. യൂണിവേഴ്സിറ്റി ഒഫ് ഡൽഹി, ജെ.എൻ.യു, യൂണിവേഴ്‌സിറ്റി ഒഫ് മുംബയ്, സെന്റ് സ്റ്റീഫൻസ് കോളേജ് ഡൽഹി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് മദ്രാസ് എന്നിവിടങ്ങളിൽ ഇറ്റാലിയൻ കോഴ്‌സുകൾ പഠിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.excelacademy.co.in, www.ambnewdelhi.esteri.it.