ഇന്ത്യയ്ക്ക് മുകളിലായി നീല വലയം; അമ്പരപ്പിക്കുന്ന ബഹിരാകാശ ദൃശ്യം പുറത്തുവിട്ട് നാസ

Sunday 18 August 2024 12:01 PM IST

പ്രപഞ്ചത്തിന്റെയും പല രാജ്യങ്ങളുടെയും അത്ഭുതപ്പെടുത്തുന്ന ആകാശദൃശ്യങ്ങൾ ദി നാഷണൽ ഏറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്‌മിനിസ്‌ട്രേഷൻ (നാസ) പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബഹിരാകാശത്തുനിന്ന് എടുത്ത ഇന്ത്യയുടെ അവിശ്വസനീയമായ ആകാശദൃശ്യം പങ്കുവച്ചിരിക്കുകയാണ് നാസ.

'ഇന്ത്യക്ക് മുകളിലായി രാത്രിയിൽ ഇടിമിന്നൽ' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിലവിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലുള്ള നാസയുടെ ബഹിരാകാശ സഞ്ചാരിയായ മാത്യു ഡൊമിനിക്കാണ് ചിത്രം പകർത്തിയത്. ബഹിരാകാശത്തുനിന്നുള്ള ഭൂമിയുടെ ദൃശ്യമാണ് പങ്കുവച്ചിരിക്കുന്നത്. അതിൽ ഇന്ത്യയ്ക്ക് മുകളിലായി നീല നിറത്തിലെ പ്രകാശവലയം കാണാം.

ഡൊമിനിക്കിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്. ചിത്രത്തിന് ഇതുവരെ ഒരു ലക്ഷത്തോളം വ്യൂസും ലഭിച്ചു. അവിശ്വസനീയ ചിത്രം, ഇത്തരത്തിലൊന്ന് ഇതുവരെ കണ്ടിട്ടില്ല, ശക്തമായ ചിത്രം എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Advertisement
Advertisement