ഫ്രഞ്ച് ഭാഷ അറിയാമോ? കാനഡയിൽ സ്ഥിര താമസത്തിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരം, വമ്പൻ ഇളവുകളും

Sunday 18 August 2024 12:48 PM IST

ഒറ്റാവ: ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന പ്രവാസികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി കാനഡ. ഫ്രാങ്കോഫോൺ മൈനോറിറ്റി കമ്മ്യൂണിറ്റീസ് സ്റ്റുഡന്റ് പൈലറ്റ് (എഫ്എംസിഎസ്‌പി) പദ്ധതിയാണ് ഓഗസ്റ്റ് 26ന് കാനഡ അവതരിപ്പിക്കുന്നത്. ഫ്രഞ്ച് ഭാഷാ, ദ്വിഭാഷാ പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന വിദ്യാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിനുള്ള അവസരവും (പെർമനന്റ് റെസിഡൻസി, പിആർ) പദ്ധതി നൽകുന്നു.

പഠനത്തിനുശേഷം വിദ്യാർത്ഥികളും കുടുംബവും കാഡന വിടുന്നത് ഒഴിവാക്കാൻ പദ്ധതി സഹായിക്കുമെന്ന് കുടിയേറ്റം, അഭയാർത്ഥി, പൗരത്വ വകുപ്പ് (ഐആർസിസി) വ്യക്തമാക്കി. പദ്ധതിപ്രകാരം പഠനശേഷം കാനഡ വിടുമെന്നുള്ള തെളിവുകൾ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും സമർപ്പിക്കേണ്ടതില്ല. കൂടാതെ പദ്ധതിയിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾ ബാങ്ക് അക്കൗണ്ടിൽ 20,635 കനേഡിയൻ ഡോളർ ഉള്ളതായി കാണിക്കേണ്ടതില്ല. വർദ്ധിച്ചുവരുന്ന ഭവന ചെലവുകളുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പദ്ധതി.

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ ഫ്രഞ്ച് സംസാരിക്കുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എണ്ണം കൂടുതലാണെന്ന് കാനഡ ചൂണ്ടിക്കാട്ടുന്നു. ഈ രാജ്യങ്ങൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന പഠനാനുമതി അംഗീകാര നിരക്ക് മുൻകാലങ്ങളിൽ കുറവായിരുന്നു. ആയതിനാൽ പുതിയ പദ്ധതിപ്രകാരം അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് കാനഡയുടെ ഇന്റർനാഷണൽ സ്റ്റുഡന്റ് പ്രോഗ്രാമിലേക്ക് പ്രവേശനം നൽകുമെന്നും സ്ഥിരതാമസത്തിനുള്ള അവസരം ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

Advertisement
Advertisement