ഒരുകാലത്ത് എല്ലാവരുടേയും സ്വപ്നം, ഇന്ന് ആര്‍ക്കും വേണ്ട; വിപണി കീഴടക്കി 'പണക്കാരന്‍'

Sunday 18 August 2024 11:19 PM IST

ന്യൂഡല്‍ഹി: സ്വന്തമായി ഒരു കാറെന്നത് സാധാരണക്കാരന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണ്. സാമ്പത്തികമായി വലിയ ചിലവില്ലാതെ ആഗ്രഹം നടത്താന്‍ ചെറുകാറുകളെയാണ് സാധാരണക്കാര്‍ ആശ്രയിച്ചിരുന്നതും. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും അധികം വിറ്റുപോയിരുന്നതും സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ചെറുകാറുകളുടെ ശ്രേണിയില്‍പ്പെട്ടവയായിരുന്നു. എന്നാല്‍ കാലങ്ങളായി നിലനിന്നിരുന്ന ഈ ട്രെന്‍ഡിന് ഇപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാലങ്ങളായി ചെറുകാറുകളായിരുന്നു വിപണിയില്‍ കൂടുതല്‍ വിറ്റു പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ചെറുകാറുകളുടെ വില്‍പ്പന കാര്യമായി ഇടിഞ്ഞിരിക്കുകയാണ്. നിര്‍മ്മിക്കുന്ന ചെറുകാറുകളില്‍ കൂടുതലും ദക്ഷിണാഫ്രിക്ക പോലുളള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുകയാണ്. ചെറുകാറുകളുടെ ഇന്ത്യയിലെ വില്‍പ്പന വിഹിതം ഇപ്പോള്‍ 30 ശതമാനത്തില്‍ താഴെയാണെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ മൊത്തം യാത്രാ വാഹനങ്ങളുടെ വിപണിയില്‍ 47.4ശതമാനവും ചെറുകാറുകളായിരുന്നു. 2021- 22 ഇത് 37.5 ശതമാനവും 2022- 23 ല്‍ 34.4ശതമാനവും ആയി കുറഞ്ഞു. 2023- 24 സാമ്പത്തിക വര്‍ഷം 27.7ശതമാനം മാത്രമാണ് ചെറുകാറുകളുടെ വിപണി വിഹിതം.അതേസമയം 2022 -23 യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ എസ്യുവിക്കുണ്ടായിരുന്ന 43 ശതമാനം വിഹിതം 2023- 24ല്‍ 50.4 ശതമാനമായി ഉയര്‍ന്നു. കാറുകളുടെ മൊത്തത്തിലുള്ള വില്‍പ്പനയും ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഒരുകാലത്ത് പണക്കാരുടെ വാഹനം എന്നപേരില്‍ അറിയപ്പെട്ടിരുന്ന എസ്.യു.വികള്‍ ഇന്ന് കോമ്പാക്ട് എസ്.യു.വികള്‍ ധാരാളമായതോടെ സാധാരണക്കാരനും താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്നുണ്ട്.

2023- 24 ല്‍ രാജ്യത്ത് യാത്ര വാഹന വില്‍പ്പന 40 ലക്ഷം യൂണിറ്റ് ആണ്. സുരക്ഷയെ കുറിച്ചുള്ള ആശങ്കയും രാജ്യത്തെ ഇടത്തരക്കാരിലെ സാമ്പത്തിക ഉണര്‍വും ജീവിതനിലവാരത്തെക്കുറിച്ചുള്ള ഉയര്‍ന്ന കാഴ്ചപ്പാടും ചെറുകാറുകള്‍ ഉപേക്ഷിച്ച് എസ്യുവിയിലേക്ക് തിരിയാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ എസ്.യു.വി ലേബലില്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങളും ഫുള്‍ സൈസ് സെഗ്മെന്റില്‍ വരുന്നതല്ലെന്നതാണ് ഇതുമായി ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കാര്യം. ചില കോമ്പാക്ട എസ്.യു.വി വാഹനങ്ങളേയും ചേര്‍ത്താണ് ഇത്തരത്തില്‍ ലേബല്‍ ചെയ്തിരിക്കുന്നത്.

Advertisement
Advertisement