ആട്ടക്കല്ല് മോഷണം: രണ്ട് യുവാക്കൾ അറസ്റ്റിൽ

Monday 19 August 2024 1:20 AM IST

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം അഞ്ചാംപരുത്തിയിൽ ആലയിൽ മോഷണം നടന്ന സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാംപരുത്തി പടിഞ്ഞാറുവശം കരകുളത്ത് ജയരാജന്റെ ഉടമസ്ഥതയിലുള്ള ആലയിലാണ് മോഷണം നടന്നത്. ആലയിൽ ഇരുമ്പ് സാമഗ്രികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന നൂറ് കിലോയോളം തൂക്കമുള്ള ആട്ടക്കല്ലാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീനാരായണപുരം പള്ളിനട സ്വദേശികളായ കരിനാട്ട് വീട്ടിൽ അഖിൽ (29), ഇടശ്ശേരി വീട്ടിൽ മുഹമ്മദ് അസ്്‌ലം (30) എന്നിവരെ മതിലകം പൊലീസ് ഇൻസ്‌പെക്ടർ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തു. മോഷണവിവരം അറിഞ്ഞയുടനെ മതിലകം പൊലീസും ആലയുടെ ഉടമയും നടത്തിയ തെരച്ചിലിലാണ് പടിഞ്ഞാറെ വെമ്പല്ലൂരിലുള്ള ആക്രിക്കടയിൽ നിന്നും മോഷണമുതൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികൾ പിടിയിലാകുകയായിരുന്നു.

Advertisement
Advertisement