കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ അന്തരിച്ചു

Monday 19 August 2024 12:37 AM IST

ചെന്നൈ: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡയറക്ടർ ജനറൽ (ഡി.ജി.) രാകേഷ് പാൽ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഐ.എൻ.എസ് അഡയാറിലെ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴ് മണിയോടെ മരിക്കുകയായിരുന്നു.

ഡി.എം.കെ സ്ഥാപക നേതാവ് എം. കരുണാനിധിയുടെ നൂറാം ജന്മവാർഷിക ദിനാഘോഷത്തിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചെന്നൈയിലെത്തിയ സാഹചര്യത്തിൽ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.

1989 ജനുവരിയിലാണ് ഉത്തർപ്രദേശ് സ്വദേശിയായ ഇദ്ദേഹം കോസ്റ്റ് ഗാർഡിൽ ചേർന്നത്. ഇന്ത്യൻ നേവൽ അക്കാദമിയിലെ പൂർവ വിദ്യാർഥിയായിരുന്നു. കൊച്ചിയിലെ നാവികപഠന കേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യയിൽ നിന്ന് പരിശീലനം നേടി. 2023 ജൂലായ് 19നാണ് കോസ്റ്റ് ഗാർഡിന്റെ 25-ാമത് ഡി.ജിയായി രാകേഷ് ചുമതലയേറ്റു. കോസ്റ്റ് ഗാർഡ് നോർത്ത് വെസ്റ്റ് റീജിയൻ,ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (പോളിസി ആൻഡ് പ്ലാൻ) തുടങ്ങിയ പദവികളും വഹിച്ചു.

34 വർഷത്തെ സേവനത്തിനിടെ,​ സമുദ്രമാർഗം കടത്താൻ ശ്രമിച്ച, കോടികൾ വിലമതിക്കുന്ന മയക്കുമരുന്നും സ്വർണവും പിടികൂടിയത് ഉൾപ്പെടെ നിരവധി സുപ്രധാന ദൗത്യങ്ങൾ രാകേഷ് പാലിന് കീഴിൽകോസ്റ്റ് ഗാർഡ് നടത്തിയിട്ടുണ്ട്. തത്രക്ഷക് മെഡൽ,പ്രസിഡന്റിന്റെ തത്രക്ഷക് മെഡൽ,അതിവിശിഷ്ട സേവാ മെഡൽ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മരണ വിവരമറിഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങിയവർ ആശുപത്രിയിലെത്തി രാക്ഷിന് അന്തിമോപചാരമർപ്പിച്ചു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ദില്ലിയിലേക്ക് കൊണ്ടുപോകും.

ഭാര്യ ദീപ പാൽ. മക്കൾ സ്‌നേഹൽ,തരുഷി.

Advertisement
Advertisement