എംപോക്‌സ് ആശങ്ക: തയ്യാറെടുപ്പുകൾ വിലയിരുത്തി കേന്ദ്രസർക്കാർ

Monday 19 August 2024 12:43 AM IST

ന്യൂഡൽഹി: ആഗോളതലത്തിൽ എംപോക്‌സ് ആശങ്ക പടരുന്നതിനിടെ, ഇന്ത്യയിലെ തയ്യാറെടുപ്പുകൾ വിലയിരുത്തി കേന്ദ്രസർക്കാർ. ഇന്നലെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ലോകാരോഗ്യ സംഘടന പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സാഹചര്യം നേരിട്ടു നിരീക്ഷിക്കുന്നുണ്ട്. 116 രാജ്യങ്ങളിൽ പകർച്ചവ്യാധിയായ എംപോക്‌സ് റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇന്ത്യയിൽ ഇതുവരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. രാജ്യാന്തര വിമാനത്താവളങ്ങളിൽ മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ലാബുകൾ സജ്ജമാക്കണമെന്നും ഡോ.പി.കെ. മിശ്ര നിർദ്ദേശിച്ചു. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് വൻതോതിൽ രോഗം പൊട്ടിപുറപ്പെടാനുള്ള സാദ്ധ്യത കുറവാണെന്ന് ഉന്നതതല യോഗം വിലയിരുത്തി.

Advertisement
Advertisement