ഫ്രഞ്ച് ഇതിഹാസ നടൻ അലൻ ഡെലോൻ ഓർമ്മയായി

Monday 19 August 2024 7:31 AM IST

പാരീസ്: കോടിക്കണക്കിന് സിനിമാ പ്രേമികളുടെ ഹൃദയം കവർന്ന ഇതിഹാസ ഫ്രഞ്ച് നടൻ അലൻ ഡെലോൻ (88) വിടവാങ്ങി. ഇന്നലെ ഫ്രാൻസിലെ ഡൗചി നഗരത്തിലെ വസതിയിലായിരുന്നു അന്ത്യം. 2019ൽ മസ്തിഷ്കാഘാതം നേരിട്ട അദ്ദേഹം ഏറെ നാളായി രോഗബാധിതനായിരുന്നു. അലനെ ഫ്രഞ്ച് സംസ്കാരത്തിലെ അതികായനെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചു.

ഒരു കാലത്ത് ലോക സിനിമയിലെ ഏറ്റവും സുന്ദരനായ നടനെന്ന് അറിയപ്പെട്ട അദ്ദേഹം തിളങ്ങുന്ന നീലക്കണ്ണുകളും നിഗൂഢമായ നോട്ടവും കൊണ്ട് സിനിമാലോകത്തെ ആരാധനാമൂർത്തിയായി. 'ഫ്രഞ്ച് ഫ്രാങ്ക് സിനാത്ര" എന്നും അറിയപ്പെട്ടു. അധോലോകത്ത് തനിക്ക് സുഹൃത്തുക്കളുണ്ടെന്ന് തുറന്ന് പറയാനും മടികാട്ടിയില്ല. ഇത് വിവാദങ്ങൾക്കും വഴിവച്ചു.

ഇറ്റാലിയൻ സംവിധായകൻ ലുകീനോ വിസ്കോന്റിയുടെ റോക്കോ ആൻഡ് ഹിസ് ബ്രദേഴ്സ് (1960), ദ ലെപ്പേർഡ് (1963) എന്നീ ചിത്രങ്ങൾ അലനെ പ്രശസ്തിയിലേക്ക് ഉയർത്തി. എനി നമ്പർ കാൻ വിൻ ( 1963), ലേ സമുറായ് (1967) തുടങ്ങിയ ചിത്രങ്ങളും ഹിറ്റായി. കൊലപാതകിയായും ഹിറ്റ്മാനായും ഗ്യാങ്ങ്സ്റ്ററായും അലൻ തിളങ്ങി. സ്കോർപിയോ (1973) പോലുള്ള അമേരിക്കൻ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അലന് ഹോളിവുഡിൽ അത്ര തിളങ്ങാനായില്ല.

1964ൽ നടി നതാലി ഡെലോനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു. നടിമാരായ റോമി ഷ്‌നെയ്ഡർ, മിറെയ് ഡാർക്, ജർമ്മൻ ഗായിക നികോ, ഡച്ച് മോഡൽ റോസലി ബ്രീമൻ എന്നിവർ പിന്നീട് ജീവിത പങ്കാളികളായി. ആന്റണി, അനുഷ്ക, അലൻ ഫാബിയൻ, ക്രിസ്റ്റ്യൻ എന്നിവരാണ് മക്കൾ. എല്ലാവരും അഭിനേതാക്കളാണ്. 2019ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അലന് ഓണററി പാം ഡിഓർ നൽകി ആദരിച്ചിരുന്നു.

 ബാല്യം: ഉണങ്ങാത്ത മുറിവ്

1935 നവംബർ 8ന് പാരീസിലാണ് ജനനം. നാലാം വയസിൽ മാതാപിതാക്കൾ വേർപിരിഞ്ഞതോടെ അലനെ ഒരു കുടുംബത്തിന് വളർത്താൻ നൽകി. മാതാപിതാക്കളുടെ പരിഗണന കിട്ടാതെയുള്ള ബാല്യവും ബോർഡിംഗ് സ്കൂളുകളിലെ ജീവിതവും ഉണങ്ങാത്ത മുറിവുകളായി അവശേഷിക്കുന്നെന്ന് അലൻ വെളിപ്പെടുത്തിയിട്ടുണ്ട്. ജീവിത സാഹചര്യങ്ങൾ അലന്റെ പെരുമാറ്റത്തെയും സ്വാധീനിച്ചു.

കുട്ടികളുമായി പതിവായി തല്ലുകൂടിയ അലനെ നിരവധി തവണ സ്കൂളിൽ നിന്ന് പുറത്താക്കി. 17ാം വയസിൽ ഫ്രഞ്ച് നേവിയിൽ ചേർന്നു. 1956ൽ നേവി സേവനം അവസാനിപ്പിച്ച അലൻ പാരീസിൽ പോർട്ടറായും വെയ്റ്ററായും ജോലി ചെയ്തു. സെൻഡ് എ വുമൻ വെൻ ദ ഡെവിൾ ഫെയിൽസ് (1957) ആണ് ആദ്യ ചിത്രം. നടൻ ഷോൺ - ക്ലോഡ് ബ്രയാലിയുമായുള്ള പരിചയമാണ് സിനിമയിലെത്തിച്ചത്.

90ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. നിർമ്മാണം, തിരക്കഥ, ബിസിനസ് തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചു. ഫ്രാൻസിൽ വധശിക്ഷ നിറുത്തിയതിലെ വിയോജിപ്പ് അടക്കം സാമൂഹ്യ വിഷയങ്ങളിൽ തുറന്ന് സംസാരിച്ചത് പലപ്പോഴും വിവാദങ്ങൾക്ക് കാരണമായി.

Advertisement
Advertisement