'ജനസംഖ്യ നിയന്ത്രിക്കാൻ ഇന്ത്യക്കാർ ശ്രദ്ധ നൽകിയില്ല, രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി'

Monday 19 August 2024 11:12 AM IST

പ്രയാഗ്രാജ്: ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധികളിൽ ഒന്ന് ജനസംഖ്യ കുതിച്ചുയരുന്നതാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻആർ നാരായണമൂർത്തി. ഇന്ത്യക്കാർക്ക് അടിയന്തരാവസ്ഥ കാലം മുതൽ ജനസംഖ്യ നിയന്ത്രിക്കാൻ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രയാഗ്രാജിലെ മോത്തിലാൽ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ കോൺവൊക്കേഷൻ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനസംഖ്യ, പ്രതിശീർഷ ഭൂമി ലഭ്യത, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ അടക്കമുള്ളവയിൽ ഇന്ത്യ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അടിയന്തരാവസ്ഥ കാലം മുതൽ ഇന്ത്യക്കാർ ജനസംഖ്യ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇത് നമ്മുടെ രാജ്യത്തിന്റെ അസ്ഥിരത വർദ്ധിപ്പിക്കുന്നു. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യപ്പെടുത്തുമ്പോൾ, യുഎസ്, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ആളോഹരി ഭൂമി ലഭ്യത വളരെ കൂടുതലാണ്'- നാരായണ മൂർത്തി പറഞ്ഞു.

ഒരു യഥാർത്ഥ പ്രൊഫഷണലിന്റെ ഉത്തരവാദിത്തം രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'അടുത്ത തലമുറയുടെ ജീവിത രീതി മെച്ചപ്പെടുത്താൻ ഈ ഒരു തലമുറ ചില ത്യാഗങ്ങൾ സഹിക്കേണ്ടിവരും. എന്റെ മാതാപിതാക്കളും സഹോദരങ്ങളും അദ്ധ്യാപകരും എന്റെ പുരോഗതിക്കായി ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അവരുടെ ത്യാഗങ്ങൾ വെറുതെയായില്ല എന്നതിന്റെ തെളിവാണ് ഞാൻ ഇന്ന് ഇവിടെ മുഖ്യാതിഥിയായി ഇരിക്കുന്നത്'- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോൺവൊക്കേഷൻ ചടങ്ങിൽ 1,670 ബിരുദങ്ങൾ നൽകി. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 34 സ്വർണ്ണ മെഡലുകൾ ലഭിച്ചു, ബിരുദ വിദ്യാർത്ഥികൾക്ക് 13 സ്വർണ്ണ മെഡലുകൾ ലഭിച്ചു.

Advertisement
Advertisement