സ്ഥിരമായി വാങ്ങുന്ന പല സാധനങ്ങളും പരിശോധനയില്‍ പരാജയപ്പെട്ടു, ആളെക്കൊന്നും ലാഭമുണ്ടാക്കി കൊഴുത്ത് കമ്പനികള്‍

Monday 19 August 2024 10:13 PM IST
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് വില്‍പ്പന നടത്തുന്ന സുഗന്ധ വ്യഞ്ജനങ്ങളില്‍ നല്ലൊരു ശതമാനത്തിനും ഗുണനിലവാരമില്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനാ ഫലം. മേയ് മുതല്‍ ജൂലായ് വരെയുള്ള കാലയളവില്‍ ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിറ്റി നടത്തിയ പരിശോധനയില്‍ 12 ശതമാനവും ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. 4,000ല്‍ അധികം സാമ്പിളുകള്‍ പരിശോധിച്ചതില്‍ നല്ലൊരു വിഭാഗത്തിലും കീടനാശിനിയുടെ അംശം വരെ കണ്ടെത്തിയിട്ടുണ്ട്.

കീടനാശിനി അംശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹോങ്കോങ് കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യന്‍ സുഗന്ധ വ്യഞ്ജന ഉല്‍പന്നങ്ങള്‍ വിലക്കിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിറ്റിയുടെ പരിശോധന നടന്നത്. ഏതൊക്കെ കമ്പനികളുടെ സാമ്പിളാണ് പരിശോധനയ്ക്ക് എടുത്തതെന്ന് വ്യക്തമല്ലെങ്കിലും മാര്‍ക്കറ്റില്‍ സുലഭമായി കിട്ടുന്ന മിക്കവാറും എല്ലാ ബ്രാന്‍ഡുകളും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നാണ് വിവരം.

രണ്ട് ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളാണ് ഹോങ്കോങ് ഏപ്രിലില്‍ നിരോധിച്ചത്. മേയില്‍ രണ്ടു കമ്പനികളുടെയും പൊടിയാക്കിയ സുഗന്ധവ്യഞ്ജന ഉല്‍പന്നങ്ങളുടെ ഇറക്കുമതിയും വില്‍പനയും നേപ്പാള്‍ നിരോധിച്ചിരുന്നു. കീടനാശിനി അംശം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സുഗന്ധവ്യഞ്ജന മിശ്രിതങ്ങള്‍ക്കും മേല്‍ യു.കെ അധിക ഗുണനിലവാര നിയന്ത്രണ നടപടികള്‍ സ്വീകരിച്ചു.

2022ലെ കണക്കെടുത്താല്‍ ഇന്ത്യയുടെ ആഭ്യന്തര സുഗന്ധ വ്യഞ്ജന വിപണി 86,500 കോടി രൂപയുടേതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സുഗന്ധ വ്യഞ്ജന കയറ്റുമതി 37,000 കോടി രൂപയെന്ന റെക്കോര്‍ഡിട്ടിരുന്നു.

Advertisement
Advertisement