ബീമാപ്പള്ളി കൊലപാതകം:മൂന്നാം പ്രതി പിടിയിൽ

Tuesday 20 August 2024 3:17 AM IST

തിരുവനന്തപുരം: ബീമാപ്പള്ളിയിൽ ക്രിമിനൽ കേസ് പ്രതി ഷിബിലിയെ കൊലപ്പെടുത്തിയ കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാംപ്രതിയായ വള്ളക്കടവ് വലിയവിളാകത്തു വീട്ടിൽ സഹീർഖാനി(23)നെയാണ് പൂന്തുറ പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാംപ്രതി ഇനാസിനും രണ്ടാംപ്രതി ഇനാദിനുമൊപ്പമാണ് സഹീർഖാനും രക്ഷപ്പെട്ടത്. പെരുമാതുറയിലെത്തിയ ഇവർ അവിടെ വള്ളത്തിൽ കയറി കടലിൽ പോയി. തുടർന്ന് കടലിൽ തങ്ങി. അതിനുശേഷം പിന്നെയും പെരുമാതുറ ഭാഗത്ത് വന്നു. തുടർന്ന് സഹീർഖാൻ ഇന്നലെ ബീമാപ്പള്ളിയിലെ ബന്ധുവീട്ടിൽ രഹസ്യമായി എത്തിയപ്പോൾ നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന ഷാഡോ ടീം പൂന്തുറ എസ്.എച്ച്.ഒ എസ്.സാജുവിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സഹീറിനെ പൂന്തുറ സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇനാദ് കടലിൽ തന്നെ

കേസിൽ പിടിയിലാകാനുള്ള പ്രതി ഇനാദ് കടലിൽ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. നിലവിൽ പെരുമാതുറ ഭാഗത്താണ് അന്വേഷണം നടത്തുന്നത്.പെരുമാതുറ എത്തിയ ഇനാദ് അവിടെ നിന്ന് പരിചയക്കാരന്റെ ബോട്ട് വഴി കടലിൽ പോയെന്നാണ് പൊലീസ് കരുതുന്നത്.പൊലീസ് കോസ്റ്റൽ പൊലീസിന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായിട്ടില്ല. മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ വള്ളങ്ങളിലും കയറി പരിശോധിക്കുന്നത് പ്രായോഗികമല്ല. കടൽമാർഗം ഇനാദ് സംസ്ഥാനം വിട്ട് തമിഴ്നാട്ടിലോ മറ്റ് കടന്നിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. ഇനാദിന്റെ മൊബൈൽ ടവറിന്റെ അവസാന ലോക്കേഷനും പെരുമാതുറയാണെന്ന് സൈബർ സെൽ സ്ഥിരീകരിച്ചിട്ടുണ്ട്. ബീമാപ്പള്ളിയിലെ ബന്ധുക്കളുടെ ഫോണിലേക്ക് ഇനാദ് വിളിക്കുന്നുണ്ടോയെന്നും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കൊലയ്‌ക്കുപയോഗിച്ച ആയുധങ്ങളും കണ്ടെത്താനുണ്ട്. പൂർണമായി കണ്ടെത്തിയിട്ടില്ല.രക്ഷപ്പെടുന്നതിനിടെ പ്രതികൾ ആയുധങ്ങൾ ഉപേക്ഷിച്ചതായാണ് സംശയം.

Advertisement
Advertisement