മേസ്തിരിപ്പണിക്കെത്തിയ തമിഴ്‌നാടുകാരനുമായി പ്രണയം, ഒടുവില്‍ 10 ലക്ഷം രൂപ പോയിക്കിട്ടി

Monday 19 August 2024 11:11 PM IST

തിരുവല്ല: ഭര്‍തൃമതിയായ സ്ത്രീയുമായി സൗഹൃദം സ്ഥാപിക്കുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസില്‍ തമിഴ്‌നാട് സ്വദേശിയായ 24കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. 30കാരിയായ യുവതിയാണ് കേസിലെ പരാതിക്കാരി. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ 24കാരന്‍ സജിന്‍ ദാസ് ആണ് കേസില്‍ അറസ്റ്റിലായത്. തിരുവല്ല പൊലീസ് ആണ് കേസില്‍ അന്വേഷണം നടത്തിയത്.

കന്യാകുമാരി വിളവന്‍കോട് താലൂക്കില്‍ മാങ്കോട് അമ്പലക്കാല സ്വദേശിയാണ് സജിന്‍. തിരുവല്ല കവിയൂരില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സജിന്‍ മേസ്തിരിപ്പണിക്കായി എത്തിയത്. അവിടെവെച്ചാണ് അയല്‍വാസിയായ യുവതിയെ പരിചയപ്പെട്ടത്. ഇരുവരും തമ്മില്‍ സൗഹൃദത്തിലാകുകയായിരുന്നു. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന് സജിന്‍ ദാസ് യുവതിയെ തമിഴ്‌നാട്ടിലെ വേളാങ്കണ്ണി, പഴനി തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോകുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. പലതവണയായി പത്ത് ലക്ഷം രൂപയിലധികം സജിന്‍ യുവതിയില്‍ നിന്ന് തട്ടിയെടുത്തിരുന്നു. പണം നഷ്ടപ്പെട്ടുതുടങ്ങിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് തിരുവല്ല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

Advertisement
Advertisement