അനധികൃതമായി മീൻപിടിത്തം നടത്തിയ ട്രോളിംഗ് ബോട്ട് പിടികൂടി

Monday 19 August 2024 11:30 PM IST

വിഴിഞ്ഞം: ദൂരപരിധി ലംഘിച്ച് മീൻപിടിത്തം നടത്തിയ ട്രോളിങ് ബോട്ടിനെ പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചു. കൊല്ലം സ്വദേശി ഷീനിന്റെ വേളാങ്കണിമാതാ എന്ന ബോട്ടിനെയാണ് വിഴിഞ്ഞം ഫിഷറീസ് അസി.ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശാനുസരണം മറൈൻ എൻഫോഴ്‌സിലെ ഉദ്യോഗസ്ഥരും ലൈഫ്ഗാർഡുകളും ചേർന്ന് പിടികൂടിയത്. പട്രോളിങ് നടത്തുന്നതിനിടെയാണ് പൂന്തുറ തീരത്ത് വച്ച് ബോട്ടിനെ പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളും തമിഴ്‌നാട് സ്വദേശികളുമുൾപ്പ ടെ 15 തൊഴിലാളികളാണ് ബോട്ടിലുളളത്.

കണവയും കിളിമീനും ഉൾപ്പെടെ ലക്ഷങ്ങളുടെ മീനുകളാണ് ബോട്ടിലുള്ളത്. ഇതുൾപ്പെടെയാണ് പിടികൂടിയത്. ഇവ തിങ്കളാഴ്ച ലേലം ചെയ്യുമെന്നും പരിധി ലംഘിച്ചതിന് പിഴയീടാക്കുമെന്നും ഫിഷറീസ് അധികൃതർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി കർശനപരിശോധന തുടരും. മറൈൻഎൻഫോഴ്‌സ്‌മെന്റിലെ സി.പി.ഒ എ.അനിൽകുമാർ, ലൈഫ്ഗാർഡുകളായ ജോണി, പനിയടിമ, ആംബുലൻസ് ക്യാപ്ടൻ വാൽത്തൂസ് ശബരിയാർ, അരവിന്ദ് എന്നിവരുൾപ്പെട്ട സംഘമാണ് ബോട്ടിനെ പിടികൂടിയത്.

Advertisement
Advertisement