വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിൽ അംഗത്വം ലഭിച്ച് ഒരു വർഷം പൂർത്തിയാക്കിയ തൊഴിലാളികളുടെ മക്കളിൽ 2023-2024 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയത്തിലും എപ്ലസ്, സി ബി എസ് സി വിഭാഗത്തിൽ എ1, ഐസിഎസ്ഇ വിഭാഗത്തിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിലും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥികൾക്കും, 2023-2024 അധ്യയന വർഷത്തിൽ ഡിഗ്രി, പിജി (പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ) കോഴ്സുകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കും കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ കലാകായിക സാംസ്കാരിക രംഗങ്ങളിൽ പ്രാഗത്ഭ്യം ലഭിച്ച വിദ്യാർഥികൾക്കും ക്യാഷ് അവാർഡിനും വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കും ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്തിന്റെ ക്ഷേമനിധി ഐഡി കാർഡ് കുട്ടിയുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെയും ഇപ്പോൾ പാസായ കോഴ്സിന്റെ മാർക്ക് ലിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുട്ടിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ(1 എണ്ണം), സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കുന്നവർ കേരളത്തിലെ സർവകലാശാല നൽകുന്ന തുല്യത സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകൾ www.peedika.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 ആണ്. വിശദവിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ ഓഫീസിലോ 0471 – 2572189 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.