അന്നമൂട്ടുന്നവരുടെ അന്നം മുട്ടിക്കരുത്...

Tuesday 20 August 2024 3:44 AM IST

ഏറെക്കാലത്തെ സമരത്തിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ സ്കൂൾ പാചകത്തൊഴിലാളികൾക്ക് സർക്കാർ വേതന കുടിശിക പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതാണെങ്കിലും അത് എപ്പോൾ കൈവശമെത്തുമെന്ന ആശങ്കയാണ് പലരുടേയും മനസ്സിൽ. ഒരുപക്ഷേ ശമ്പള കുടിശിക വിഷയത്തിൽ ഏറ്റവുമധികം പ്രതിസന്ധി നേരിട്ട വിഭാഗം കൂടിയാണ് സ്കൂൾ പാചകത്തൊഴിലാളികളുടേത്. വേതന വിതരണത്തിനായി 33.63 കോടി രൂപയാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനങ്ങൾ കടലാസുകളിൽ മാത്രം ഒതുങ്ങുന്ന അനുഭവം മുമ്പും ഉണ്ടായതിനാൽ ഈ പ്രഖ്യാപനവും എത്രത്തോളം പരിഹാരമാകുമെന്ന സംശമാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്. കണ്ണൂർ ജില്ലയിൽ 1600ലധികം പാചകത്തൊഴിലാളികളുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി മുടങ്ങിക്കിടക്കുന്ന വേതനം ഇവരുടെ ജീവിതം ഇരുട്ടിലാക്കിയെന്ന് വേണം പറയാൻ. എങ്കിലും കടുത്ത അവഗണനയിലും സ്‌കൂൾ തുറന്നതോടെ തങ്ങളുടെ ജോലി നിറവേറ്റുന്നതിൽ തൊഴിലാളികൾ യാതൊരു മടിയും കാണിച്ചിരുന്നില്ല .

വരുമാനം ഏക ആശ്രയം

600 രൂപ ദിവസവേതനാടിസ്ഥാനത്തിൽ തൊഴിലെടുക്കുന്ന പാചകത്തൊഴിലാളികളാണ് നിരന്തമായി സർക്കാർ അവഗണന ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്. കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രൂപവരെയാണ് വേതനം ലഭിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതം 600 രൂപമാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽ നിന്നാണ് നൽകേണ്ടത്. ഇതുതന്നെ ആറുവർഷം മുമ്പ് നിശ്ചയിച്ച വേതനമാണ്.കേന്ദ്ര മാനദണ്ഡ പ്രകാരം സ്കൂൾ പാചകതൊഴിലാളികൾക്ക് മാസം 1000 രൂപ മാത്രമാണ് ഓണറേറിയം ലഭിക്കേണ്ടതെന്നും എന്നാൽ സംസ്ഥാനത്ത് പ്രതിദിനം 600 മുതൽ 675 വരെ നൽകുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ പറയുമ്പോഴും അത് എത്രത്തോളം കൃത്യതയോടെ തൊഴിലാളിക്ക് ലഭിക്കുന്നു എന്നതും ചിന്തിക്കേണ്ടതാണ്.
ഇതിൽ ഭൂരിഭാഗം പേരും പ്രായമായവരും ഇനി മറ്റൊരു ജോലിക്ക് പോകാൻ സാധിക്കാത്തവരുമാണ്. മാസത്തിൽ ലഭിക്കുന്ന ഈ വരുമാനമാണ് ഇവരുടെ ഏക ആശ്രയം. ഇതു മുടങ്ങിയതോടെ ഇവർ ജീവിതം തള്ളിനീക്കാൻ പാടുപെടുകയാണ്. മുപ്പതും നാൽപതും വർഷം ജോലി ചെയ്തിട്ടും വിരമിക്കൽ ആനുകൂല്യം ലഭിക്കാതെയാണ് പാചകതൊഴിലാളികൾ സ്‌കൂളുകളിൽ നിന്നും പുറന്തള്ളപ്പെടുന്നത്. 2016ൽ മിനിമം കൂലി വിജ്ഞാപനം വന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നതും ഏറെ സങ്കടകരാണ്. ഇതിനൊപ്പം ഇ.എസ്.ഐ, പ്രൊവിഡന്റ് ഫണ്ട്, വിരമിക്കുന്നവർക്ക് ആനുകൂല്യം അടക്കം ഏർപ്പെടുത്തുമെന്ന സർക്കാർ വാഗ്ദാനവും വെറുതെയായി.

അതിരാവിലെ ജോലിക്ക് എത്തിയാൽ വൈകിട്ടോടെയാണ് ഇവർക്ക് എല്ലാ പണിയും അവസാനിപ്പിച്ച് പോകാൻ കഴിയൂ. ഇത്രയും കഷ്ടപ്പെട്ട് പണിയെടുത്തതിനു ശേഷം കൃത്യമായ ശമ്പളം ലഭിക്കാത്തതിൽ സർക്കാരിനെതിരെ വലിയ പ്രതിഷേധം ഇവരുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. ഓണം കൂടി വരാനിരിക്കെ സർക്കാർ പ്രഖ്യാപനം എന്തുകൊണ്ടും ഇവരുടെയെല്ലാം ജീവിതത്തിലേക്ക് വെളിച്ചം വീശുമെന്നതിൽ സംശമില്ല. അതുകൊണ്ട് തന്നെ സർക്കാർ പ്രഖ്യാപനം കാലതാമസം കൂടാതെ നടപ്പിലാക്കുകയെന്നത് തന്നെയാണ് ഏറെ പ്രധാനം.


150 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി

150 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്ന അനുപാതത്തിൽ പാചകത്തൊഴിലാളികളെ നിയമിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും ഇക്കാര്യത്തിൽ ഇതുവരെ അനുകൂല തീരുമാനമുണ്ടായിട്ടില്ല. ഒരു പാചകത്തൊഴിലാളി മാത്രമാണ് സ്‌കൂളിലുള്ളത്. കൂടുതൽ വിദ്യാർത്ഥികളുള്ള സ്‌കൂളുകളിൽ ഒരാൾക്ക് ഒറ്റയക്ക് ഭക്ഷണമുണ്ടാക്കുന്നത് ജോലി ഭാരം വർദ്ധിപ്പിക്കുകയാണ്. അതിനാൽ ചിലർ തങ്ങളുടെ കൈയിൽ നിന്നു പണം മുടക്കി സഹായികളെ വയ്‌ക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. അദ്ധ്വാനഭാരം കുറക്കുക, മിനിമം വേതനം 900 രൂപയാക്കുക, പ്രായപരിധി 70 വയസാക്കി നിജപ്പെടുത്തുക, പിരിഞ്ഞുപോകുമ്പോൾ അഞ്ച് ലക്ഷം സഹായധനമായി നൽകുക തുടങ്ങിയ ആവശ്യങ്ങളും സ്‌കൂൾ പാചകത്തൊഴിലാളി സംഘടന സംസ്ഥാന കമ്മിറ്റി നിരന്തരമായി നിവേദനത്തിൽ ഉന്നയിക്കുന്നുണ്ട്. എന്നാൽ ബന്ധപ്പെട്ടവർ ഇത്തരം പരാതികൾക്ക് അർഹിക്കുന്ന പരിഗണ നൽകുന്നില്ല.

സമാശ്വാസ വേതനവും മുടങ്ങി

2024 ഏപ്രിൽ, മേയ് മാസത്തെ സമാശ്വാസ വേതനവും ജൂൺ മാസത്തെ മുഴുവൻ വേതനവുമാണ് മുടങ്ങിയത്. മൂന്ന് മാസത്തെ വേതനം കൊടുക്കാൻ വേണ്ടത് 8.13 കോടിയാണെന്നിരിക്കെ ഈ വിഷയത്തിൽ ധനവകുപ്പിന്റെ അനങ്ങാപ്പാറ നയം തൊഴിലാളികളെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലെ അവധികാല സമാശ്വസമായി 5.4240 കോടി രൂപയും, ജൂൺ മാസത്തെ ശമ്പളവുമാണ് ഇതുവരെ നൽകാത്തത്. നിലവിൽ സംസ്ഥാനത്ത് 14000 ത്തോളം പാചകതൊഴിലാളികൾ ജോലി ചെയ്യുന്നതായാണ് സർക്കാർ കണക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന മാസമായ മാർച്ച് വരെയുള്ള ശമ്പളമാണ് നിലവിൽ ഇവർക്ക് ലഭിച്ചിരിക്കുന്നത്.

പരിഗണിക്കപ്പെടാതെ പരാതികൾ
2019 മാർച്ചിൽ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം ഓണറേറിയം പരിഷ്‌കരിക്കാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭയ്ക്ക് മുമ്പാകെ സമർപ്പിച്ചുവെങ്കിലും പരിഗണിച്ചില്ല. 2018, 2020 വർഷങ്ങളിൽ വേതനം വർദ്ധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും ശുപാർശ ചെയ്തിരുന്നു. എന്നാൽ ആവശ്യകതകളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ തന്നെ വേതനം വർദ്ധിപ്പിക്കണമെന്ന് പറഞ്ഞ് ധനമന്ത്രാലയം ഇത് നിരസിക്കുകയായിരുന്നു. 25 ലക്ഷം വരുന്ന പാചക തൊഴിലാളികളിൽ 90 ശതമാനവും സ്ത്രീകളാണ്. ഇവരിൽ അധികവും അവിവാഹിതരും വിധവകളുമാണ്. ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ 10 കോടി കുട്ടികൾക്കാണ് നിലവിൽ ഉച്ചഭക്ഷണം നൽകിവരുന്നത്. വിരമിച്ചു കഴിഞ്ഞാൽ പെൻഷൻ ആനുകൂല്യമൊന്നും ലഭിക്കാത്തവരാണ് സംസ്ഥാനത്തെ പാചകത്തൊഴിലാളികൾ. നിരവധി സമരങ്ങളാണ് ശമ്പള കുടിശിക വിഷയത്തിൽ സെക്രട്ടറിയറ്റ് ഉൾപ്പടെയുളള ഭരണ സിരാകേന്ദ്രങ്ങളിൽ ഇവർ നടത്തിയത്. വേതന വിതരണത്തിലുണ്ടാകുന്ന കാലതാമസം ജീവിതം ദുരിതപൂർണമാക്കിയെന്ന് പലപ്പോഴായി നൽകിയ നിവേദനത്തിലൂടെ അധികാരികളെ ബോധിപ്പിച്ചിരുന്നതായും അഭിപ്രായമുയരുന്നുണ്ട്.

Advertisement
Advertisement