ക്ലൂണി ഫൗണ്ടേഷനെ നിരോധിച്ച് റഷ്യ
Tuesday 20 August 2024 7:28 AM IST
മോസ്കോ : മനുഷ്യാവകാശ സംരക്ഷണത്തിനായി ഹോളിവുഡ് നടൻ ജോർജ് ക്ലൂണിയും അഭിഭാഷകയായ ഭാര്യ അമാലും ചേർന്ന് സ്ഥാപിച്ച ക്ലൂണി ഫൗണ്ടേഷൻ ഫോർ ജസ്‌റ്റിസിന് റഷ്യയിൽ നിരോധനം. രാജ്യത്തിന് വിരുദ്ധമായാണ് സംഘടനയുടെ പ്രവർത്തനം എന്ന് റഷ്യൻ പ്രോസിക്യൂട്ടർ ജനറൽ അറിയിച്ചു.
സംഘടന റഷ്യയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. നിരോധിത തീവ്രവാദ ഗ്രൂപ്പുകളിലെ അംഗങ്ങളെ സജീവമായി പിന്തുണയ്‌ക്കുന്നെന്നും ആരോപിച്ചു. യുക്രെയിനിൽ റഷ്യ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നെന്ന് കാട്ടി ക്ലൂണി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഏതാനും സംഘടനകൾ ജൂലായിൽ യു.എന്നിന്റെ മനുഷ്യാവകാശ കമ്മിറ്റിക്ക് മുമ്പാകെ കേസ് ഫയൽ ചെയ്‌തിരുന്നു.