മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടി രൂപ തട്ടി; ജീവനക്കാരൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

Tuesday 20 August 2024 9:56 AM IST

മലപ്പുറം: പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് വൻ തട്ടിപ്പ്. മലപ്പുറം വളാഞ്ചേരിയിലുള്ള ശാഖയിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ ശാഖയിലെ അപ്രൈസറായ രാജൻ, മുക്കുപണ്ടം പണയം വച്ച പാലക്കാട് സ്വദേശികളായ അബ്‌ദുൾ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്‌റഫ്, റഷീദലി എന്നിവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 221.63 പവൻ സ്വർണമാണെന്ന് വിശ്വസിപ്പിച്ചാണ് മുക്കുപണ്ടം പണയം വച്ച് 1.48 കോടി രൂപ ഇവർ തട്ടിയത്.

പണയം വയ്‌ക്കുമ്പോൾ അത് സ്വർണം തന്നെയാണോ എന്ന് പരിശോധിക്കുന്ന ജീവനക്കാരനാണ് രാജൻ. ഇയാളുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംശയം തോന്നിയതിനെ തുടർന്ന് ശാഖാ മാനേജർ ആണ് പൊലീസിൽ പരാതി നൽകിയത്. പത്ത് അക്കൗണ്ടുകളിലൂടെയാണ് പണയം വച്ചത്. ചില ചിട്ടിയ്‌ക്ക് ജാമ്യമായും സ്വർണമാണെന്ന വ്യാജേന മുക്കുപണ്ടമാണ് വച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലും ഈ വർഷം ജനുവരിയിലും സ്വർണം വച്ചിട്ടുണ്ട്. സംഭവത്തിൽ മറ്റ് ജീവനക്കാർക്കും പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Advertisement
Advertisement