'38 വർഷം ആയി ഞാൻ സിനിമ മേഖലയിലുണ്ട്, റിപ്പോർട്ട് കണ്ടെത്തലുകളെ നിഷേധിക്കുന്നില്ല'; ബ്ലെസി

Tuesday 20 August 2024 7:34 PM IST

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് താൻ പഠിച്ചിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി. അത് സംഘടനാ തലത്തിൽ പ്രതികരിക്കേണ്ട വിഷയമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

'ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് പഠിച്ചിട്ടില്ല. വാർത്തകളുടെ അടിസ്ഥാനത്തിൽ വ്യക്തത ഇല്ലാതെ മറുപടി പറയുന്നില്ല. സംഘടനാ തലത്തിൽ പ്രതികരിക്കേണ്ട വിഷയം ആണ്. 38 വർഷം ആയി ഞാൻ സിനിമ മേഖലയിൽ ഉണ്ട്. ഉത്തരം അനുഭവങ്ങൾ കണ്ടിട്ടില്ല. എന്നാൽ റിപ്പോർട്ട് കണ്ടെത്തലുകളെ നിഷേധിക്കുന്നില്ല. കാര്യങ്ങളിൽ നിലവിൽ മാറ്റം വന്നിട്ടുണ്ട്', - ബ്ലെസി കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മലയാള സിനിമ മേഖലയില്‍ പവര്‍ ഗ്രൂപ്പ് എന്ന പേരില്‍ ഒരു സംവിധാനമുള്ളതായി തനിക്ക് അറിയില്ലെന്ന് മന്ത്രി കെ ബി ഗണേഷ്‌ കുമാർ പറഞ്ഞു. ഒരു നടനേയും സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ ഒതുക്കിയതായി തനിക്ക് അറിയില്ലെന്നും ഇപ്പോഴും താന്‍ തന്നെയാണ് ഇപ്പോഴും ആത്മയുടെ പ്രസിഡന്റെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റ്‌സ് (ATMA) വിചാരിച്ചാല്‍ ടെലിവിഷന്‍ രംഗത്ത് അഭിനയിക്കുന്ന ആരേയും വിലക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. സീരിയലുകളെ സംബന്ധിച്ച് അതിലേക്ക് അഭിനേതാക്കളെ കാസ്റ്റ് ചെയ്യുന്നത് ചാനലുകളിലെ ഉദ്യോഗസ്ഥരാണ്. സംവിധായകരെപ്പോലും നിശ്ചയിക്കുന്നത് ചാനല്‍ ഉദ്യോഗസ്ഥരാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.