ഇന്ത്യക്കാരുടെ ശരാശരി ഇന്റര്‍നെറ്റ് ഉപയോഗം കൂടിയത് മണിക്കൂറുകളോളം, കാരണസഹിതം വിശദീകരിച്ച് ട്രായ്

Tuesday 20 August 2024 8:30 PM IST
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ലഭ്യതയിലും വരിക്കാരുടെ എണ്ണത്തിലും ഇന്ത്യയില്‍ വന്‍ കുതിപ്പെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). 2023-24 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ടെലികോം മേഖല രാജ്യത്ത് വലിയ വളര്‍ച്ച കൈവരിച്ചിരിക്കുന്നുവെന്നതാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 88.1 കോടി ആയിരുന്നു ശരാശരി ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണമെങ്കില്‍ അത് 2024 മാര്‍ച്ച് ആയപ്പോഴേക്കും 95.4 കോടിയായി ഉയര്‍ന്നു.

7.3 കോടി വരിക്കാരുടെ വര്‍ദ്ധനവാണ് ഈ മേഖല കൈവരിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.30 ശതമാനം ഉയര്‍ന്നിട്ടുണ്ട്. വിലക്കുറവില്‍ സ്മാര്‍ട്‌ഫോണുകളുടെ ലഭ്യത ഒപ്പം ഇന്റര്‍നെറ്റ് സേവനങ്ങളുടെ ചുരുങ്ങിയ ചെലവ് എന്നിവയാണ് കണക്ക് വര്‍ദ്ധനവനിന് ആധാരം. ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ എണ്ണത്തില്‍ 9.15 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടെന്നും ട്രായ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.2023ല്‍ 84.6 കോടിയായിരുന്നത് 2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 92.4 കോടിയായി വര്‍ദ്ധിച്ചു.

വയര്‍ലെസ് ഡാറ്റ വരിക്കാരുടെ എണ്ണം 2023 മാര്‍ച്ച് അവസാനം 84.6 കോടിയില്‍ നിന്ന് 2024 മാര്‍ച്ച് അവസാനത്തോടെ 91.3 കോടിയായി വര്‍ദ്ധിച്ചു. മൊത്തം ഡാറ്റ ഉപയോഗം 21.69 ശതമാനം വര്‍ദ്ധിച്ചു. ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 2023 മാര്‍ച്ച് അവസാനത്തോടെ 117.2 കോടിയില്‍ നിന്ന് 2024 മാര്‍ച്ച് അവസാനത്തോടെ 119.9 കോടിയായി വര്‍ദ്ധിച്ചു.ഓരോ വരിക്കാരന്റെയും പ്രതിമാസ ശരാശരി 16 മണിക്കൂറായും ഉയര്‍ന്നിട്ടുണ്ട്. ഈ കണ്ടെത്തലുകള്‍ ഇന്ത്യന്‍ ടെലികോം മേഖലയുടെ മികവാണ് കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement
Advertisement