ജോര്‍ജ് കുര്യന്‍ മദ്ധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക്, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
ന്യൂഡൽഹി: ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മദ്ധ്യപ്രദേശിൽ നിന്ന് മത്സരിക്കും. കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു രാജസ്ഥാനിൽ നിന്ന് മത്സരിക്കും. കൂടാതെ അസമിൽ മിഷൻ രഞ്ജൻ ദാസ്, രാമേശ്വർ ടെലി, എന്നിവർ സ്ഥാനാർത്ഥികളാകും. ബീഹാറിൽ മനൽ കുമാർ മിശ്ര, ഹരിയാനയിൽ കിരൺ ചൗധരി, മഹാരാഷ്ട്രയിൽ ധെെര്യശീൽ പട്ടേൽ, ഒഡീഷയിൽ മമത മൊഹന്ത, ത്രിപുരയിൽ രജീവ് ഭട്ടാചാരി എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികൾ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് വിജയിച്ച് സുരേഷ് ഗോപിയെ കൂടാതെ ജോർജ് കുര്യനും കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുന്നേയാണ് ജോർജ് കുര്യനെ മന്ത്രിസഭാംഗം ആകാൻ പ്രധാനമന്ത്രി ക്ഷണിച്ചത്. ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനമാണ് അദ്ദേഹം വഹിക്കുന്നത്.
1980കളിലായിരുന്നു ജോർജ് കുരുൻ ബിജപിയിൽ ചേരുന്നത്. വിദ്യാർത്ഥി മോർച്ചയിൽ കൂടിയായിരുന്നു ബിജെപി പ്രവേശനം. 1981ൽ വിദ്യാർത്ഥി മോർച്ചയുടെ ജില്ല പ്രസിഡന്റായി. 83 ൽ യുവമോർച്ചയിലെത്തി. ജില്ല പ്രസിഡന്റ് മുതൽ ദേശീയ വൈസ് പ്രസിഡന്റ് വരെയുള്ള പദവികൾ വഹിച്ചിരുന്നു. 1999 - 2010 ൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗമായി. തുടർന്ന് പ്രവർത്തനം ഡൽഹി കേന്ദ്രീകരിച്ചായിരുന്നു. മൂന്ന് വർഷത്തോളം ന്യൂനപക്ഷ കമ്മിഷൻ വെെസ് ചെയർമാനായിരുന്നു.