കരാറുകളിൽ ഒപ്പിട്ട് ഇന്ത്യയും മലേഷ്യയും, പ്രതിരോധം വൈദ്യശാസ്ത്രം ഡിജിറ്റൽ മേഖലയിൽ സഹകരണം

Wednesday 21 August 2024 12:43 AM IST

ന്യൂഡൽഹി: പ്രതിരോധം, ആയുർവേദമടക്കമുള്ള പരമ്പരാഗത വൈദ്യശാസ്ത്രം, തൊഴിലാളികളുടെ കൈമാറ്റം, ഡിജിറ്റൽ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും മലേഷ്യയും കരാർ ഒപ്പിട്ടു. പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ സഹകരണത്തിന്റെ ഭാഗമായി മലേഷ്യയിലെ തുങ്കു അബ്ദുൾ റഹ്മാൻ യൂണിവേഴ്സിറ്റിയിൽ ആയുർവേദ ചെയർ സ്ഥാപിക്കും. ഇന്ത്യ-മലേഷ്യ ഡിജിറ്റൽ കൗൺസിൽ രൂപീകരിക്കാനും ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷമാണ് കരാർ.

പ്രധാനമന്ത്രിയായ ശേഷം അൻവർ ഇബ്രാഹിം നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യ- മലേഷ്യ പങ്കാളിത്തം ഒരു ദശാബ്ദം പൂർത്തിയാക്കുകയാണെന്നും അൻവറിന്റെ പിന്തുണയോടെ, പങ്കാളിത്തം ശക്തിയും ഊർജ്ജവും കൈവരിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു. പരസ്പര സഹകരണത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിൽ രൂപയിലും മലേഷ്യൻ റിംഗിറ്റ്‌സിലും വ്യാപാരം നടത്തുന്നത് വാണിജ്യ ബന്ധം സുദൃഢമാക്കും. അർദ്ധചാലകങ്ങൾ, പ്രതിരോധ വ്യവസായം, എ.ഐ, ക്വാണ്ടം എന്നിവയുമായി ബന്ധിപ്പിച്ച് പ്രതിരോധമേഖലയിലെ പുതിയ സാദ്ധ്യതകളെക്കുറിച്ചും ചർച്ച ചെയ്തു. ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാട്ടം തുടരും.

മലേഷ്യയിൽ താമസിക്കുന്ന 30 ദശലക്ഷം ഇന്ത്യൻ പ്രവാസികൾ ഇരു രാജ്യങ്ങൾക്കുമിടയിലെ ജീവനുള്ള പാലമാണെന്ന് മോദി ചൂണ്ടിക്കാട്ടി. ആസിയാനിലും ഇന്തോ-പസഫിക് മേഖലയിലും ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് മലേഷ്യ. 2025ൽ മലേഷ്യയുടെ ആസിയാൻ അദ്ധ്യക്ഷസ്ഥാനത്തിന് ഇന്ത്യ പിന്തുണയ്‌ക്കുമെന്നും മോദി പറഞ്ഞു.

തൊഴിലാളി റിക്രൂട്ട്മെന്റിനും കരാർ

 തൊഴിലാളി റിക്രൂട്ട്മെന്റ്, തൊഴിൽ, സ്വദേശിവത്കരണം എന്നിവയിൽ സഹകരണം.

 സംസ്കാരം, കല, പൈതൃകം, ടൂറിസം,യുവജന-കായിക മേഖലകളിൽ സഹകരണം.

 പബ്ലിക് അഡ്മിനിസ്ട്രേഷൻ, സർക്കാർ ഭരണ പരിഷ്‌കാരം എന്നിവയിൽ സഹകരണം.

 മലേഷ്യയ്ക്ക് 200,000 മെട്രിക് ടൺ വെള്ള അരി

 വിദ്യാർത്ഥികൾക്കും സർക്കാർ ഉദ്യോഗസ്ഥരുടെ പരിശീലനത്തിനുമുള്ള ഐ.ടി.ഇ.സി സ്കോളർഷിപ്പിനായി മലേഷ്യൻ പൗരന്മാർക്ക് 100 അധിക സ്ലോട്ട്.

 സൈബർ സുരക്ഷ, എ.ഐ തുടങ്ങിയ നൂതന കോഴ്സുകളിൽ മലേഷ്യക്കാർക്ക് 100 സീറ്റ്.

 മലേഷ്യയിലെ മലയ യൂണിവേഴ്സിറ്റിയിൽ തിരുവള്ളുവർ ചെയർ ഒഫ് ഇന്ത്യൻ സ്റ്റഡീസ് സ്ഥാപിക്കും.

Advertisement
Advertisement