മാനഭംഗ കേസ്, കൽക്കട്ട ഹൈക്കോടതിയുടെ ആക്ഷേപ പരാമർശം നീക്കി

Wednesday 21 August 2024 12:50 AM IST

 പ്രതിയുടെ ശിക്ഷയും പുനഃസ്ഥാപിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കൗമാരക്കാരായ പെൺകുട്ടികൾ ലൈംഗിക അഭിനിവേശങ്ങളെ നിയന്ത്രിച്ചു നിറുത്തണമെന്ന കൽക്കട്ട ഹൈക്കോടതിയുടെ വിവാദ പരാമർശം സുപ്രീംകോടതി നീക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമത്തിൽ കുടുക്കി മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയായ 20കാരനെ വെറുതെവിട്ട വിധിയിലായിരുന്നു ഹൈക്കോടതിയുടെ മോശം പരാമർശം. വിവാദമായതോടെ സുപ്രീംകോടതി സ്വമേധയാകേസെടുത്ത് വിധി വിളിച്ചുവരുത്തി റദ്ദാക്കുകയായിരുന്നു.

പ്രതിക്ക് പോക്സോ പ്രകാരം 20 വർഷം കഠിന തടവും 10,​000 രൂപ പിഴയുമായിരുന്നു വിധിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 9 വർഷം കഠിന തടവും വിധിച്ചു. പ്രത്യേക കോടതിയുടെ ഈ ശിക്ഷ ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് പുനഃസ്ഥാപിച്ചു. ഇത്തരം കേസുകളിൽ വിധി എഴുതുമ്പോൾ കോടതികൾ പാലിക്കേണ്ട മാനദണ്ഡങ്ങളും അധികൃതർ സ്വീകരിക്കേണ്ട നടപടികളും വ്യക്തമാക്കി മാർഗരേഖയും പുറപ്പെടുവിച്ചു.

ഹൈക്കോടതി പരാമർശങ്ങൾ അനാവശ്യവും, ആക്ഷേപകരവുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. വിധി മോശം സന്ദേശം നൽകുന്നതാണെന്നും കൂട്ടിച്ചേർത്തു. 2023 ഒക്‌ടോബറിലായിരുന്നു വിവാദ വിധി. ബംഗാൾ സർക്കാരും വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു.

Advertisement
Advertisement