ആശുപത്രികളിലെ  ക്രമീകരണങ്ങൾ സുപ്രീം  കോടതിയെ  അറിയിക്കണം

Wednesday 21 August 2024 12:53 AM IST

ന്യൂഡൽഹി: കൊൽക്കത്ത മെഡിക്കൽ കോളേജിൽ പി.ജി.ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന പശ്ചാത്തലത്തിൽ

കേന്ദ്രവും സംസ്ഥാനങ്ങളും അവരുടെ കീഴിലുള്ള ആശുപത്രികളിലെ ക്രമീകരണം സംബന്ധിച്ച് വിവരശേഖരണം നടത്തണമെന്നും ഒരുമാസത്തിനകം ഇവ സംയോജിപ്പിച്ച് കേന്ദ്രം റിപ്പോർട്ട് നൽകണമെന്നും സുപ്രീം കോടതി നിർദേശം നൽകി.

ഓരോ ആശുപത്രിയിലുമുള്ള സുരക്ഷാജീവനക്കാരുടെ എണ്ണം, വിശ്രമമുറികളുടെ കണക്ക്,പൊതുജനത്തിന് ആശുപത്രിയിലെ എല്ലാ മേഖലയിലും പ്രവേശനമുണ്ടോയെന്ന വിവരം,

ബാഗേജ് പരിശോധന, പൊലീസ് ഔട്ട് പോസ്റ്റുകളുടെ വിവരങ്ങൾ തുടങ്ങിയവ വിലയിരുത്തണം.

പ്രോട്ടോകോൾ

തയ്യാറാക്കണം

സുപ്രീം കോടതി നിയോഗിച്ച ഒൻപത്അംഗ ദൗത്യസംഘം തയ്യാറാക്കുന്ന റിപ്പോർട്ടിൽ പരിഗണിക്കേണ്ട വിഷയങ്ങളും കോടതിവ്യക്തമാക്കിയിട്ടുണ്ട്.

1. മെഡിക്കൽ പ്രൊഫഷണലുകൾക്കെതിരെ ലിംഗാടിസ്ഥാനത്തിലുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള കർമ്മപദ്ധതി

2. മാന്യതയും, സുരക്ഷിതമായ തൊഴിൽ സാഹചര്യവും ഉറപ്പുവരുത്തുന്ന ദേശീയ പ്രോട്ടോകോൾ

3. ലൈംഗികാതിക്രമം തടയാൻ ആവശ്യമായ നടപടികൾ. എല്ലാ ആശുപത്രിയിലും ആഭ്യന്തര പരിഹാരസമിതി രൂപീകരണം.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ സംവിധാനം.

കോടതിക്ക് ബോധ്യമായ

പ്രശ്‌നങ്ങൾ

1. രാത്രി ഡ്യൂട്ടി ചെയ്യുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്കായി ആവശ്യത്തിന് വിശ്രമ മുറികളില്ല

2. ഷിഫ്റ്റ് ഡ്യൂട്ടി 36 മണിക്കൂ‌ർ ചെയ്യുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല

3. പരാതിപ്പെട്ടാൽ ശിക്ഷാനടപടിയുണ്ടാകുമോയെന്ന് മെഡിക്കൽ പ്രൊഫഷണലുകൾ ഭയപ്പെടുന്നു

4. സുരക്ഷാ ജീവനക്കാരുടെ അപര്യാപ്‌തത. സുരക്ഷാപരിശോധനയിൽ പോരായ്‌മ

5. ആശുപത്രി മേഖലകളിൽ പ്രവേശനത്തിന് നിയന്ത്രണമില്ലാത്തത് സ്ഥിതി വഷളാക്കുന്നു

6. ശൗച്യാലയങ്ങളുടെ പരിമിതി

7. ഹോസ്റ്റലുകളും താമസവും ആശുപത്രിയിൽ നിന്ന് വളരെ അകലെ. വാഹനസൗകര്യം ഏർപ്പെടുത്തുന്നില്ല.

8. സി.സി.ടി.വി ക്യാമറകൾ ഇല്ല. ഉള്ളവ പ്രവർത്തിക്കുന്നില്ല

സോഷ്യൽ മീഡിയയിൽ നിന്ന്

അടിയന്തരമായി നീക്കണം

ന്യൂഡൽഹി: കൊൽക്കത്തസംഭവവുമായി ബന്ധപ്പെട്ട

ഇരയുടെ പേര്,ചിത്രങ്ങൾ,മൃതദേഹത്തിന്റെ ദൃശ്യങ്ങൾ എന്നിവ അടിയന്തരമായി സോഷ്യൽ മീഡിയകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി കർശനനിർദേശം നൽകി.

സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ ബംഗാൾ സർക്കാൾ നടപടിയെടുക്കരുത്

ഏതെങ്കിലും ഡോക്‌ടർക്ക് സുരക്ഷയിൽ ആശങ്കയുണ്ടെങ്കിൽ സുപ്രീംകോടതി രജിസ്ട്രറിക്ക് ഇ-മെയിൽ അയക്കാം

ബംഗാൾ സർക്കാരിന്റെ വീഴ്ചകളും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ആത്മഹത്യയാക്കി മാറ്റാൻ പ്രിൻസിപ്പൽ ശ്രമിച്ചു.

മൃതദേഹം കാണാൻ മാതാപിതാക്കളെ മണിക്കൂറുകളോളം അനുവദിച്ചില്ല.

രാജിവച്ച പ്രിൻസിപ്പലിന് ഉടൻ മറ്റൊരു മെഡിക്കൽ കോളേജിൽ നിയമനം നൽകി.

എഫ്.ഐ.ആ‌ർ രജിസ്റ്റർ ചെയ്യാൻ വൈകി.

ആശുപത്രിയിലെ ക്രമസമാധാന പാലനത്തിന് ബംഗാൾ സർക്കാർ നടപടിയെടുത്തില്ല.

ആശുപത്രിയിൽ വ്യാപക ആക്രമണം നടക്കുന്ന സാഹചര്യം നേരിടാൻ ബംഗാൾ സർക്കാർ തയ്യാറായിരുന്നില്ല.

അതേസമയം, 50 എഫ്.ഐ.ആർ‌ എടുത്തെന്നും 37 പേരെ അറസ്റ്റ് ചെയ്തെന്നും ബംഗാളിന് വേണ്ടി ഹാജരായ അഡ്വ. കപിൽ സിബൽ അറിയിച്ചു.

Advertisement
Advertisement