ആയുധം കൊടുത്ത അമേരിക്കയെയും പറ്റിച്ച പാകിസ്ഥാൻ, യു എസ് സെനറ്റർമാർ കണ്ട ഞെട്ടിക്കുന്ന കാഴ്‌ച
സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അതിർത്തിയിൽ പ്രവേശിക്കാനും ഇന്ത്യൻ പ്രദേശങ്ങൾ പിടിച്ചടക്കാനും പലവിധ ശ്രമങ്ങൾ പാകിസ്ഥാൻ സൈന്യം നടത്തിയിട്ടുണ്ട്. ഇന്നും ശ്രമിക്കുന്നുണ്ട്. അവയെല്ലാം ഇന്ത്യൻ സൈന്യം ഉടൻ നിഷ്‌പ്രഭമാക്കാറാണ് പതിവ്. അമേരിക്കയും ചൈനയുമടക്കം വിവിധ ലോകരാജ്യങ്ങൾ പാകിസ്ഥാന് സൈനികബലത്തിന് ആയുധങ്ങളും സൈനിക വാഹനങ്ങളും നൽകാറുണ്ട്. ഇത്തരത്തിൽ വിവിധ ആവശ്യങ്ങൾക്കായി സൈനിക സഹായം നൽകിയ തങ്ങളെ ചതിച്ച പാകിസ്ഥാൻ നടപടി നേരിൽ കാണേണ്ടിവന്നു ഒരിക്കൽ രണ്ട് അമേരിക്കൻ സെനറ്റർമാർക്ക്.
ഡെമോക്രാറ്റിക് പാർട്ടി അംഗവും അമേരിക്കൻ സെനറ്ററുമായ ക്വെന്റിൻ ബർഡിക്, വാൻസ് ഹാർട്‌കെ എന്നിവർ ഒരിക്കൽ ഇന്ത്യ സന്ദർശനം നടത്തുകയായിരുന്നു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയ്‌ക്ക് സമീപം പഞ്ചാബിലെ അമൃത്‌സറിലെത്തിയ അവർ നൂറോളം അമേരിക്കൻ നിർമ്മിത പാറ്റൺ ടാങ്കുകൾ ഒരിടത്ത് തകർന്നുകിടക്കുന്നത് കണ്ട് ഞെട്ടി. ഇവയെല്ലാം ഇന്ത്യ, പാകിസ്ഥാനിൽ നിന്നും പിടിച്ചെടുത്ത് തകർത്തവയായിരുന്നു.
1965 സെപ്‌തംബർ എട്ട് മുതൽ 10 വരെ ഇവിടെവച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ടാങ്ക് ഉപയോഗിച്ചുള്ള ഏറ്റുമുട്ടലായിരുന്നു ഓപറേഷൻ അസൽ ഉത്തർ. ഈ പോരാട്ടത്തിൽ ഇന്ത്യ തകർത്ത പാക് ടാങ്കുകളാണ് അമേരിക്കൻ സെനറ്റർമാർ കണ്ടത്.
പാകിസ്ഥാൻ-അഫ്‌ഗാൻ അതിർത്തിയിലെ ഭീഷണികളെ നേരിടാൻ എന്ന കാരണത്താൽ അമേരിക്കയിൽ നിന്നും വാങ്ങിയ എം47, എം48 മോഡൽ ടാങ്കുകളാണ് പാകിസ്ഥാൻ ഇന്ത്യയെ തകർക്കാനായി ഉപയോഗിച്ചത്.എന്നാൽ ഇന്ത്യൻ കരസേനയുടെ കടുത്ത മറുപടിയിൽ പാകിസ്ഥാൻ തോറ്റുപോയി. വിവരമറിഞ്ഞ പാകിസ്ഥാൻ,സെനറ്റർമാർ കണ്ടത് മുഴുവൻ അമേരിക്ക നൽകിയ ടാങ്കുകളല്ല എന്ന് വാദിച്ചെങ്കിലും സത്യം അമേരിക്ക മനസിലാക്കിയിരുന്നു. സെഞ്ചൂറിയൻ മോഡൽ പാറ്റൺ ടാങ്കുകൾ കൊണ്ടാണ് അന്ന് ഇന്ത്യ പാകിസ്ഥാനെ തകർത്ത് ഇല്ലാതാക്കിയത്.