4 കോടി മുടക്കി, 20 കോടിയിലേക്ക് വാഴ , ഇനി വാഴ 2

Thursday 22 August 2024 2:49 AM IST

ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടുന്ന വാഴ സിനിമയ്ക്ക് രണ്ടാം ഭാഗം. വാഴയിൽ അഭിനയിച്ച സോഷ്യൽ മീഡിയയിൽ തിളങ്ങുന്ന ഹാഷിറും സംഘവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാഴ 2 ബയോപിക് ഒഫ് ബില്യൺ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. വാഴയുടെ അവസാനത്തിൽ തന്നെ ഹാഷിറും ടീമും നായകന്മാരാകുന്ന രണ്ടാം ഭാഗത്തിന്റെ സൂചനകൾ ഉണ്ടായിരുന്നു. നവാഗതനായ സവിൻ എം.എസ്. ആണ് സംവിധാനം. വാഴയുടെ തിരക്കഥാകൃത്ത് വിപിൻദാസ് ആണ് പ്രഖ്യാപനം നടത്തിയത്. കണ്ടന്റ് ക്രിയേറ്റർമാരായ ഹഷിർ, ഇർജുൻ, വിനായകൻ, അലൻ എന്നിവരടങ്ങുന്ന ടൈറ്റിൽ പോസ്റ്റർ വിപിൻദാസ് പങ്കുവയ്ക്കുകയും ചെയ്തു.

അഖിൽ ലൈലാസുരനാണ് ഛായാഗ്രഹണം. വിപിൻദാസ് നിർമ്മാണ പങ്കാളികൂടിയാകുന്ന ചിത്രം ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറിലാണ് നിർമ്മാണം.

ആഗസ്റ്റ് 15 ന് റിലീസ് ചെയ്ത വാഴ 1 കോടി 44 ലക്ഷം രൂപയാണ് ആദ്യ ദിനത്തിൽ നേടിയത്. 3 ദിവസം കൊണ്ട് കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് 5 കോടി 40 ലക്ഷമാണ് ഗ്രോസ് കളക്ഷൻ.

ഈ ആഴ്ചയുടെ അവസാനത്തോടെ 20 കോടിയിലേക്ക് എത്തുമെന്ന് കരുതുന്നത്.ആനനന്ദ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിന് നാലുകോടിയാണ് മുടക്ക്.

സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അശ്വിൻ, അജിൻ ജോയ്, വിനായക് എന്നിവരാണ് വാഴ ബയോപിക് ഒഫ് എ ബില്യൺ ബോയ്സിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിപിൻദാസ് ആദ്യമായാണ് മറ്റൊരാൾക്കു വേണ്ടി തിരക്കഥ എഴുതുന്നത്.

Advertisement
Advertisement