മയക്കുമരുന്ന് കച്ചവടം: പ്രതിക്ക് 10വർഷം തടവ്

Thursday 22 August 2024 8:51 PM IST

പള്ളുരുത്തി: വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന പള്ളുരുത്തി തങ്ങൾനഗർ സ്വദേശി അയൂബിന് (24) 10 വർഷത്തെ കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷിവിധിച്ചു. എറണാകുളം അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി -VIII ജഡ്‌ജി എം. ഗണേഷാണ് വിധി പ്രസ്‌താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. അഭിലാഷ് അക്ബർ ഹാജരായി.

2022 ഒക്ടോബർ മൂന്നാംതീയതിയാണ് കേസിന് ആസ്പദമായ സംഭവം. പള്ളുരുത്തി മേഖലയിൽ സ്കൂൾ ,കോളേജ് കുട്ടികൾക്കിടയിൽ മാരക ലഹരിവസ്‌തുക്കളായ എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയവ വിതരണം ചെയ്യുന്ന പ്രധാന കണ്ണിയായിരുന്നു അയൂബ്. കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന പി. ശ്രീരാജും പാർട്ടിയും ചേർന്നാണ് 58 സ്റ്റാമ്പുകളുമായി ഇയാളെ അറസ്റ്റുചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ടി.എൻ. അജയകുമാർ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.പി. ബിജു, സിവിൽ എക്സൈസ് ഓഫീസർ ബിജുലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. ലത എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അസി. എക്സൈസ് കമ്മീഷണറായിരുന്ന ബി. ടെനിമോനാണ് കുറ്റപത്രം സമർപ്പിച്ചത്.

Advertisement
Advertisement