150 രൂപയുടെ 'ഇന്റർനാഷണൽ' ബാഗ് വില്പനയ്ക്ക് ; കച്ചവടക്കാരനെതിരെ കേസ്

Thursday 22 August 2024 1:49 AM IST

കൊച്ചി: ആഗോള ബ്രാൻഡായ പ്യൂമയുടെ പേരും മുദ്ര‌യുമുള്ള വ്യാജ ബാഗുകൾ വില്പനയ്ക്ക് വച്ച സ്ഥാപനത്തിനെതിരെ പൊലീസ് കേസ്. എറണാകുളം ബ്രോഡ്‌വേ ക്ലോത്ത് ബസാറിലെ ഒരു സ്ഥാപനത്തിനെതിരെയാണ് നടപടി. ഇവിടെ പരിശോധന നടത്തി ഏതാനും ബാഗുകൾ പിടിച്ചെടുത്തു. പ്യൂമ കമ്പനിയുടെ സീനിയർ മാനേജർ ആൻഡ് റിസർച്ച് സർവീസ് ഒഫ് ആർ.എൻ.എ അറ്റോർണി ബി. തിയാഗു നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് നടപടി. കഴിഞ്ഞദിവസം തിയാഗുവിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ പരിശോധനയിലാണ് വ്യാപാര സ്ഥാപനത്തിൽ പ്യൂമയുടെ പേരിലുള്ള വ്യാജ ബാഗ് വില്പനയ്ക്ക് വച്ചിരുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തി ചിത്രങ്ങൾ സഹിതം പരാതി നൽകുകയായിരുന്നു. പകർക്ക് അവകാശം, ട്രേഡ് മാർക്ക് ആക്ട് എന്നിവ പ്രകാരമാണ് കേസ് എടുത്തത്.

പരിശോധന നടക്കുമ്പോൾ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. സ്ഥാപന ഉടമയെ വിളിച്ചുവരുത്തി തുടർ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ജൂലായിൽ കസ്റ്റംസ് പ്രിവന്റിവ് കൊച്ചി യൂണിറ്റിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയിൽ രാജ്യാന്തര ബ്രാൻഡഡ് വാച്ചുകളും സൺഗ്ലാസുകളും പിടിച്ചെടുത്തിരുന്നു. കൊച്ചി ബ്രോഡ്‌വേയിലും മലപ്പുറം ജില്ലയിലെ തിരൂരിലുമായിരുന്നു പരിശോധന. തിരൂരിലെ 6 വാച്ച് വിൽപ്പനക്കടകളിൽനിന്ന് 8500ലേറെയും ബ്രോഡ്‌വേയിലെ രണ്ടു കടകളിൽനിന്ന് അറുന്നൂറിലേറെയും വാച്ചുകളാണ് അധികൃതർ പിടികൂടിയത്. ചൈനയിൽ നിർമിച്ച് ഇറക്കുമതി ചെയ്തവയായിരുന്നു ഇവയെല്ലാം. പകർപ്പവകാശ ലംഘനത്തിന് തിരൂരിൽ 6 എഫ്.ഐ.ആറുകളും കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ 2 എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്തു. നേരത്തെ ആപ്പിൾ കമ്പനിയുടെ വ്യാജ ഉത്പന്നങ്ങൾ വിറ്റതിനും കൊച്ചിയിലെ വിവിധ സ്റ്റേഷനുകളിൽ കേസ് എടുത്തിരുന്നു.

ഒറ്റ നോട്ടത്തിൽ ഡൽഹി നിർമ്മിത ബാഗ് എന്ന് വ്യക്തമാണ്. 150 മുതൽ നിരക്കിലാണ് വില്പനയ്ക്ക് വച്ചിരുന്നത്. ആഗോള ബ്രാൻഡിന്റെ പേരും മുദ്ര‌യും ഉപയോഗിച്ച സാഹചര്യത്തിലാണ് ബാഗുകൾ കസ്റ്റഡിയിൽ എടുത്തത്.

അനീഷ് ജോയ്

സെൻട്രൽ സി.ഐ.

Advertisement
Advertisement