മൈക്ക് ലിഞ്ചിന്റെ മൃതദേഹം കണ്ടെത്തി

Thursday 22 August 2024 7:12 AM IST

റോം: ഇറ്റലിയിലെ സിസിലിയിൽ ആഡംബര ബോട്ട് മറിഞ്ഞ് കാണാതായ ബ്രിട്ടീഷ് കോടീശ്വരൻ മൈക്ക് ലിഞ്ചിന്റെ മൃതദേഹം കണ്ടെത്തിയെന്ന് റിപ്പോർട്ട്. അപകടത്തിൽപ്പെട്ട നാല് പേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തി. ഇതിൽ ലിഞ്ചും മകൾ ഹന്നയും ഉൾപ്പെടുന്നതായി ഒരു ബ്രിട്ടീഷ് മാദ്ധ്യമം പുറത്തുവിട്ടു. എന്നാൽ, ഇറ്റാലിയൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ കടലിൽ 165 അടി ആഴത്തിലുണ്ടായിരുന്ന ബോട്ടിന്റെ ക്യാബിനുകളിൽ നിന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മറ്റ് രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്.

യു.കെയിലെ മോർഗൻ സ്റ്റാൻലി ബാങ്ക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ചെയർമാൻ ജോനാഥൻ ബ്ലൂമർ, ഭാര്യ ജൂഡിത്ത്, ലിഞ്ചിന്റെ അഭിഭാഷകനും യു.എസ് പൗരനുമായ ക്രിസ് മോർവില്ലോ, ജ്വല്ലറി ഡിസൈനറായ ഇദ്ദേഹത്തിന്റെ ഭാര്യ നെഡ എന്നിവരെയാണ് ലിഞ്ചിനും മകൾക്കുമൊപ്പം കാണാതായത്.

തിങ്കളാഴ്ച പുലർച്ചെയാണ് ശക്തമായ കാറ്റിൽ അകപ്പെട്ട് ഇവർ സഞ്ചരിച്ച 'ബേസിയൻ" എന്ന ആഡംബര ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങിയത്. സിസിലിയിൽ നിന്ന് 700 മീറ്റർ അകലെയായിരുന്നു സംഭവം. 'ബ്രിട്ടീഷ് ബിൽ ഗേറ്റ്സ് " എന്നാണ് ടെക് വ്യവസായി ആയ ലിഞ്ച് അറിയപ്പെടുന്നത്.

22 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിലെ ഷെഫിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ലിഞ്ചിന്റെ ഭാര്യ ആഞ്ചല അടക്കം 15 പേരെ ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി. അണ്ടർവാട്ടർ ഡ്രോണുകളടക്കം തെരച്ചിലിന് രംഗത്തുണ്ട്.

Advertisement
Advertisement