കൊച്ചിയിൽ യുവതിയ്ക്ക് ക്രൂരമ‌ർദ്ദനം; നിലത്തിട്ട് ചവിട്ടി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Thursday 22 August 2024 8:09 AM IST

കൊച്ചി: കൊച്ചി നഗരത്തിൽ യുവതിക്ക് അതിക്രൂരമർദ്ദനം. വെെറ്റിലയിൽ നിന്ന് കടവന്ത്രയിലേക്കുള്ള സഹോദരൻ അയ്യപ്പൻ റോഡിന്റെ വശത്തുള്ള ജനതാ റോഡിൽ വച്ചാണ് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. യുവതി നിലവിളിച്ചിട്ടും മർദ്ദനം തുടരുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ 4.30നാണ് സംഭവം നടന്നത്.

ആദ്യം ജനതാ റോഡിൽ വച്ചും പിന്നീട് തൊട്ടടുത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചും മർദ്ദിക്കുകയായിരുന്നു. തനിക്ക് പരാതിയില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞതായാണ് വിവരം. മർദ്ദനമേറ്റ യുവതിയെയും മർദിച്ചവരെയും തിരിച്ചറിഞ്ഞിട്ടില്ല. എല്ലാവരും പരസ്പരം അറിയുന്നവരാണെന്നാണ് സംഭാഷണങ്ങളിൽ നിന്നുള്ള സൂചന. സമീപത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിറയെ വീടുകളും വ്യാപാരസ്ഥാപനങ്ങളുമുള്ളയിടത്താണ് അതിക്രമം നടന്നത്.