'ആ സംവിധായകൻ മുറിയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു, ഞാൻ ചെരുപ്പൂരി അടിക്കാൻപോയി'; ദുരനുഭവത്തെക്കുറിച്ച് നടി ഉഷ

Thursday 22 August 2024 3:59 PM IST

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിച്ച് നടി ഉഷ ഹസീന. തനിക്ക് സിനിമയിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. സംവിധായകനിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്നും റൂമിലേക്ക് ചെല്ലാൻ പറഞ്ഞെന്നും ഉഷ പറഞ്ഞു.

'ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ അപ്പോൾ തന്നെ പ്രതികരിച്ചിട്ടുമുണ്ട്. ഞാൻ സിനിമയിൽ വന്ന സമയത്താണ്. ഒരു സംവിധായകൻ, ആ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ തന്നെ അയാൾ ഭയങ്കര പ്രശ്നമാണെന്നൊക്കെ കേട്ടു. പിന്നെ വാപ്പ കൂടെയുള്ള ധൈര്യമായിരുന്നു.

ഈ സംവിധായകന്റെ ചില രീതികളുണ്ട്. അഭിനയിക്കാൻ ചെല്ലുന്ന നടിമാർക്ക് ആദ്യം ഭയങ്കര സ്വാതന്ത്ര്യം തരും. അവർക്കിഷ്ടമുള്ള ഡ്രസ് കൊടുക്കൂ, പൊട്ടുവയ്ക്കണോ, വച്ചോളൂ... അങ്ങനെ ഭയങ്കര സ്‌നേഹമാണ്. പക്ഷേ പിന്നീട് പുള്ളി റൂമിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു.ഞാൻ എന്റെ ഫാദറിനെയും കൊണ്ടാണ് ചെന്നത്. അദ്ദേഹം മരിച്ചുപോയി, പറയുന്നതുകൊണ്ട് അർത്ഥമില്ല. ഞാൻ അന്ന് തന്നെ പ്രതികരിച്ചു. പിന്നെ സെറ്റിൽ വരുമ്പോൾ ഈ വ്യക്തി വളരെ മോശമായി പെരുമാറും. നന്നായി അഭിനയിച്ചാലും മോശമാണെന്ന് പറയും. നമ്മളെ വല്ലാതെ ഇൻസൾട്ട് ചെയ്യും. അങ്ങനെ വന്നപ്പോൾ ഞാൻ പ്രതികരിച്ചു. ചെരിപ്പൂരി അടിക്കാൻ പോയി. അന്ന് മീഡിയയൊന്നുമില്ലല്ലോ. മാസികകളാണ് ഉള്ളത്. അതിലൊക്കെ എഴുതിവന്നിട്ടുണ്ട്. പവർ ഗ്രൂപ്പുകൾ ഉണ്ടായിരിക്കാൻ സാദ്ധ്യതയുണ്ട്.'- നടി പറഞ്ഞു.

'നടന്മാരൊന്നും എന്നോട് മോശമായി പെരുമാറിയിട്ടില്ല. ഞാൻ പ്രതികരിക്കുന്ന ആളായതുകൊണ്ടാവാം. പക്ഷേ എന്റെ സഹപ്രവർത്തകർ ഒരുപാട് പേർ എന്നോട് പറഞ്ഞിട്ടുണ്ട്, മോശമായി അവരോട് പെരുമാറിയിട്ടുണ്ടെന്ന്. ഹോട്ടലിൽ വന്ന് താമസിച്ചതിന് ശേഷം ഇത്തരം ആവശ്യങ്ങൾ നടത്തിക്കൊടുത്തില്ലെങ്കിൽ പിറ്റേ ദിവസം പറഞ്ഞുവിട്ടതായി എന്റെ സുഹൃത്ത് പറഞ്ഞിട്ടുണ്ട്.

സാധാരണഗതിയിൽ ഇത് രണ്ട് ദിവസം കഴിഞ്ഞാൽ മുങ്ങിപ്പോകുകയാണ് പതിവ്. ഞാൻ അഭ്യർത്ഥിക്കുകയാണ്, ദയവായി ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മാതൃകയായിരിക്കണം. ഇനിയുള്ള തലമുറയെങ്കിലും നല്ല രീതിയിൽ പോണം. ഇതൊരു തൊഴിലിടമല്ലേ. നമുക്ക് സുരക്ഷ വേണം. തൊഴിലിടം വേണം. വേറെ വരുമാന മാർഗങ്ങളില്ലാത്ത, ഇതുകൊണ്ട് മാത്രം ജീവിക്കുന്ന ആൾക്കാരുണ്ട്. അല്ലാതെ ഇതൊരു പാഷനായി എടുക്കുന്നവരുമുണ്ട്. അവർക്കവിടെ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സംവിധാനം സർക്കാർ ദയവായി ചെയ്യണം. വെറുതെ വിടരുത്.'- ഉഷ മാദ്ധ്യമങ്ങളോട് പറഞ്ഞു.