ചൈനയെ മറികടന്ന് ഇന്ത്യ, ഇത്തവണ സഹായിച്ചത് ഗള്‍ഫ് അല്ല മറ്റൊരു മേഖല

Thursday 22 August 2024 7:10 PM IST
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയല്‍ ഇറക്കുമതിയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്. ജൂലായ് മാസത്തിലെ ഇറക്കുമതി കണക്കുകള്‍ പരിശോധിക്കുമ്പോള്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ചൈനീസ് കമ്പനികള്‍ ഗണ്യമായി കുറച്ചിരുന്നു. ഇതോടെയാണ് ഇന്ത്യ മുന്നിലെത്തിയത്. ജൂണില്‍ 39.8 ശതമാനം ക്രൂഡ് ഓയില്‍ ആണ് മൊത്തം ഇറക്കുമതിയില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയത്. ജൂലായില്‍ ഇത് 44 ശതമാനമായി ഉയര്‍ന്നു.‌

കഴിഞ്ഞ വര്‍ഷം 32 ശതമാനം ആയിരുന്നു മൊത്തം ഇറക്കുമതിയിലെ റഷ്യന്‍ വിഹിതം. റഷ്യ - യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ അവസരം മുതലെടുത്താണ് കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചത്. പരമ്പരാഗതമായി അറബ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ അതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് ലഭ്യമായതോടെയാണ് ഇന്ത്യ ഇറക്കുമതി തോത് വര്‍ദ്ധിപ്പിച്ചത്.

ജൂലായ് മാസത്തില്‍ 2.35 ലക്ഷം കോടി രൂപയുടെ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്. യുക്രൈന്‍ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യക്ക് വലിയ തിരിച്ചടിയാണ്. യഥാര്‍ത്ഥത്തില്‍ ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കുകയാണ് ഇന്ത്യ. റഷ്യയുമായി ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനോടകം റിലയന്‍സ് പോലുള്ള സ്വകാര്യ കമ്പനികള്‍ റഷ്യന്‍ കമ്പനിയായ റോസ്നെഫ്റ്റുമായി ദീര്‍ഘകാല കരാറിലെത്തിയിട്ടുണ്ട്.

ഒരു വര്‍ഷത്തേക്ക് പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ വാങ്ങാനാണ് കരാര്‍. റഷ്യയുടെ മേല്‍ ചുമത്തിയിരിക്കുന്ന ഉപരോധം പാശ്ചാത്യ രാജ്യങ്ങള്‍ പിന്‍വലിക്കുന്നത് വരെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി തോത് തുടരാനാണ് സാദ്ധ്യത. റഷ്യയെ കൂടാതെ ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. അതേസമയം, റഷ്യയില്‍ നിന്ന് ലാഭത്തിന് ഇറക്കുമതി ആരംഭിച്ചതോടെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്ന അളവ് കുറഞ്ഞിട്ടുണ്ട്.

Advertisement
Advertisement