സിൽവർ വാറ്റുചാരായവും വാറ്റു പകരണങ്ങളുമായി അറസ്റ്റിൽ
തൃശൂർ : പാടൂക്കാട് തുരുത്ത് ഭാഗത്ത് വാടക വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റി വിറ്റിരുന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തൃക്കൂർ കല്ലൂർ ദേശത്ത് പുത്തൻ വീട്ടിൽ ഷിജോണിനെയാണ് (42) കോലഴി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വി.നിധിനും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇയാൾ വിയ്യൂർ പൊലീസ് സ്റ്റേഷനിലെ പല ക്രിമിനൽ കേസിലെയും പ്രതിയാണ്.
അഞ്ച് വർഷമായി പാടൂക്കാട് ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് മാറി മാറി താമസിച്ചുവരുന്നു. ഓണത്തിന്റെ വിപണി ലക്ഷ്യമിട്ട് വൻ തോതിൽ ചാരായം വാറ്റാൻ പ്രതി ലക്ഷ്യമിട്ടിരുന്നതാണ് എക്‌സൈസ് തകർത്തത്. പ്രതി വാറ്റുന്ന ചാരായത്തിന് മാർക്കറ്റിൽ വൻ ഡിമാൻഡായിരുന്നു. 'പനം കൽക്കണ്ടമാണ് ശർക്കരയ്ക്ക് പകരം ഉപയോഗിച്ചിരുന്നത്. കൽക്കണ്ടം ഉപയോഗിച്ച് വാറ്റുന്ന ചാരായത്തിന് വീര്യം കൂടുതലാണ്. സിൽവർ ചാരായമെന്നാണ് മാർക്കറ്റിൽ അറിയപ്പെടുന്നത്. വലിയ വാറ്റ്‌സെറ്റും ഇരുമ്പിന്റെ ഗ്യാസ് സ്റ്റൗവും പിടിച്ചെടുത്തു. അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.എം.സജീവ്, സുനിൽകുമാർ, പ്രിവന്റീവ് ഓഫിസർമാരായ സുധീർകുമാർ, മീരാസാഹിബ്, പി.രതീഷ്, സിവിൽ എക്‌സൈസ് ഓഫിസർ ശരത്, വനിത സിവിൽ എക്‌സൈസ് ഓഫീസർ അമിത എന്നിവരുമുണ്ടായിരുന്നു.