എൻ.എച്ച് നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച 3 പേർ അറസ്റ്റിൽ
ആറ്റിങ്ങൽ:ദേശീയപാത നിർമ്മാണത്തിനുള്ള സാമഗ്രികൾ മോഷ്ടിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട ആറന്മുള താഴത്തേതിൽ വീട്ടിൽ മനോജ് ( 49), കല്ലമ്പലം തോട്ടയ്‌ക്കാട് വെടിമൺകോണം പുത്തൻവിള വീട്ടിൽ വിമൽരാജ് (34), വർക്കല ചെറുന്നിയൂർ വെണ്ണിയോട് വായനശാലയ്ക്ക് സമീപം മനോജ് (44) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്തത്. കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള ദേശീയപാത 66 ന്റെ നിർമ്മാണത്തിനായി കരാർ കമ്പനിയുടെ കൊല്ലമ്പുഴ, മാമം യാർഡുകളിൽ ശേഖരിച്ച് സൂക്ഷിച്ചിരുന്ന മെറ്റലുകൾ, കമ്പികൾ അടക്കമുള്ള ലക്ഷക്കണക്കിന് രൂപയുടെ നിർമ്മാണ സാമഗ്രികളാണ് കവർന്നത്.
എൻ.എച്ച് നിർമ്മാണത്തിന്റെ കരാറെടുത്തിട്ടുള്ള ആർ.ഡി.എസ് കമ്പനിയുടെ മുൻ ജീവനക്കാരനാണ് മനോജ്. ഈ കേസിലുൾപ്പെട്ട ബീഹാർ സ്വദേശിയുമായി ചേർന്ന് കുറെനാളുകളായി നിർമ്മാണ സാമഗ്രികൾ മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ച സാധന സാമഗ്രികൾ ചില സ്വകാര്യ നിർമ്മാണ കമ്പനികൾക്കും സ്വകാര്യ യാർഡുകളിലും പകുതി വിലയ്‌ക്ക് വിറ്റതായി കണ്ടെത്തി. ക്രമക്കേടുകളെ തുടർന്ന് മനോജിനെ കമ്പനിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്നാണ് എൻജിനിയറിംഗ് വിഭാഗത്തിലെ ബീഹാർ സ്വദേശിയായ ഉദ്യോഗസ്ഥനുമായി ചേർന്ന് മോഷണം നടത്തിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജലാലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്.എച്ച്.ഒ ജി.ഗോപകുമാർ, എസ്.ഐ മാരായ എസ്.സജിത്ത്, എം.എസ്.ജിഷ്ണു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.മനോജ്‌കുമാർ, എൽ.ആർ.ശരത്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു