ഒപ്‌റ്റിമസിനെ നടക്കാൻ പഠിപ്പിക്കാമോ ?

Friday 23 August 2024 7:07 AM IST

ന്യൂയോർക്ക് : ഹ്യൂമനോയിഡ് റോബോട്ടായ 'ഒപ്‌റ്റിമസി"നെ നടത്തം പഠിപ്പിക്കാൻ ആളുകളെ തേടി ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല കമ്പനി. റോബോട്ടിനെ മനുഷ്യനെ പോലെ ശരിയായ രീതിയിൽ നടക്കാൻ പരിശീലിപ്പിക്കുകയാണ് 'ഡേ​റ്റാ കളക്ഷൻ ഓപ്പറേ​റ്റർ' എന്ന തസ്തികയിലെ ഈ ജോലി. അപേക്ഷകർക്ക് 170 -180 സെന്റീമീറ്റർ ഉയരമുണ്ടാകണം. മണിക്കൂറിന് 25 - 48 ഡോളർ (2098 - 4028 രൂപ) വരെയാണ് പ്രതിഫലം. കൂടാതെ ബോണസ് അടക്കം മറ്റ് ആനുകൂല്യങ്ങളുമുണ്ട്. ശരീര ചലനം പകർത്താൻ കഴിയുന്ന മോഷൻ കാപ്ചർ സ്യൂട്ടുകളും വിർച്വൽ റിയാലി​റ്റി ഹെഡ്‌സെ​റ്റുകളും ധരിച്ചാണ് പരിശീലകർ ഒപ്‌റ്റിമസിനെ നടത്തം പഠിപ്പിക്കേണ്ടത്. ഈ സജ്ജീകരണങ്ങൾ കുറഞ്ഞത് ഏഴ് മണിക്കൂറോ അതിൽ കൂടുതലോ സമയം ധരിച്ച് ജോലി ചെയ്യാൻ സാധിക്കണം. ജോലി സമയത്ത് ഭാരം ഉയർത്തുന്നതടക്കം മറ്റ് ടാസ്കുകളും ചെയ്യേണ്ടി വരും. കളക്ട് ചെയ്യുന്ന ഡേറ്റകൾ വിശകലനം ചെയ്യണം. കഴിഞ്ഞ വർഷം 50 ലേറെ പേരെ ഇത്തരത്തിൽ തിരഞ്ഞെടുത്തിരുന്നു. ഈ വർഷം ആദ്യം രണ്ട് ഒപ്‌റ്റിമസ് റോബോട്ടുകളെ ടെസ്‌ല അവതരിപ്പിച്ചിരുന്നു. ഇവ ഫാക്ടറിയിൽ ചെറിയ ജോലികൾ ചെയ്യുന്നുണ്ട്. അടുത്ത വർഷത്തോടെ ടെസ്‌ലയുടെ എല്ലാ ഫാക്ടറികളിലും ഒപ്‌റ്റിമസിനെ വിന്യസിക്കുകയാണ് ലക്ഷ്യം. 2026ൽ ഇവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണവും കമ്പനി തുടങ്ങും.

Advertisement
Advertisement