തിരഞ്ഞെടുപ്പ് ഇപ്പോഴാണ് നടന്നിരുന്നതെങ്കിൽ മോദി പ്രധാനമന്ത്രി ആകുമായിരുന്നോ? കോൺഗ്രസ് 106 സീറ്റുകൾ നേടിയേനെയെന്ന് സർവെ ഫലം

Friday 23 August 2024 11:41 AM IST

ന്യൂഡൽഹി: വിവിധ ഘട്ടങ്ങളിലായി രാജ്യത്ത് ഈ വർഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ മൂന്നാം വട്ടവും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ രാജ്യത്ത് രൂപീകരിച്ചു. 400 സീറ്റ് എന്ന വമ്പൻ ലക്ഷ്യംവച്ച് പ്രവർത്തിച്ചെങ്കിലും മുൻ തിരഞ്ഞെടുപ്പിലെ പോലെ ബിജെപിയ്‌ക്ക് ഒറ്റയ്‌ക്ക് കേവലഭൂരിപക്ഷം എന്നാൽ ഇത്തവണ കിട്ടിയില്ല. വിവിധ എൻഡിഎ കക്ഷികളുടെ പിൻബലത്തോടെ 293 സീറ്റോടെയാണ് മോദി ഇത്തവണ പ്രധാനമന്ത്രിയായത്. 234 സീറ്റുകളുമായി പ്രതിപക്ഷ കക്ഷികൾ ശക്തമായ മത്സരം തന്നെ കാഴ്‌ച വച്ചു.

മാസങ്ങൾക്ക് ശേഷം മോദി സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക് അഭിപ്രായം എന്തെന്ന് അറിയുന്നതിന് ഇപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാൽ ഫലം എങ്ങനെയാകും എന്ന തരത്തിലൊരു സർവെ സംഘടിപ്പിച്ചു. ഇന്ത്യ ടുഡെ രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്ന സർവെയാണിത്. സി വോട്ടറുമായി ചേർന്ന് നടത്തിയ സർവെയിൽ പക്ഷെ പ്രധാനമന്ത്രി മോദിയുടെയും എൻഡിഎയുടെയും വിശ്വാസ്യത അൽപം കൂടി വർദ്ധിക്കുകയാണ് ഉണ്ടായത്. എന്നാൽ പ്രതിപക്ഷ കക്ഷികളുടെ സീറ്റ്‌നില 233 ആയി കുറഞ്ഞു.

'മൂഡ് ഓഫ് ദി നേഷൻ' എന്ന ഈ സർവെയിൽ എൻ‌ഡി‌എ സഖ്യം ആറ് സീറ്റുകൾ വർദ്ധിപ്പിച്ച് അവരുടെ സീറ്റ്‌നില 299 ആക്കും. അടുത്ത പ്രധാനമന്ത്രി ആരാകും എന്ന ചോദ്യത്തിന് ജനം നൽകിയ ഉത്തരവും രസകരമായിരുന്നു. 49 ശതമാനം പേരും നരേന്ദ്ര മോദിയുടെ പേരുതന്നെയാണ് പറഞ്ഞത്. 22.4 ശതമാനം പേർ രാഹുൽ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രി എന്ന് അഭിപ്രായപ്പെട്ടു.

മോദിയുടെ വോട്ടിംഗ് നിലയിൽ ആറ് പോയിന്റിന്റെ കുറവാണ് ഉണ്ടായത്. എന്നാൽ രാഹുലിനാകട്ടെ ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയതിനെക്കാൾ എട്ട് പോയിന്റ് കൂടുതലാണ്. ജൂലായ് 15 മുതൽ ഓഗസ്‌റ്റ് 10 വരെയാണ് ഈ സർവെ നടത്തിയത്. ആകെ 543 മണ്ഡലങ്ങളിലെ 40591 പേരുമായി അഭിമുഖം നടത്തി. സി വോട്ടറിന്റെ പ്രതിവാര സ്ഥിര ട്രാക്കറിലൂടെ 95872 പേരെയും അഭിമുഖം ചെയ്‌തു.

47 സീറ്റുകൾ വർദ്ധിപ്പിച്ച് 99 സീറ്റുകളിൽ വിജയിച്ചുകയറിയ കോൺഗ്രസിന് ഇത്തവണ സഭയിൽ 10 വർഷത്തിന് ശേഷം പ്രതിപക്ഷ നേതാവിനെ ലഭിച്ചിരുന്നു. ബിജെപിയുടെ വോട്ടിംഗ് ശതമാനം 37.7ൽ നിന്ന് 36.56 ശതമാനമായി കുറയുമെന്നും എൻഡിഎയ്‌ക്ക് ആകെ 43.7 ശതമാനം വോട്ട് ലഭിക്കുമെന്നും സർവെ പറയുന്നു. ഇപ്പോഴാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കിൽ കോൺഗ്രസിന് സ‌ർവെ 106 സീറ്റുകൾ നൽകുന്നു. അവരുടെ വോട്ട് ശതമാനം 25.4 ആയി വർദ്ധിപ്പിക്കുകയും ചെയ്യും.