ദക്ഷിണ റെയിൽവെയുടെ സുപ്രധാന നിർദ്ദേശം പുറത്ത്; ബംഗളൂരു - കൊച്ചി വന്ദേഭാരത് സർവീസിൽ മാറ്റങ്ങളുണ്ടാകുമോ?
പാലക്കാട്: ബംഗളൂരു - എറണാകുളം വന്ദേഭാരത് സ്‌പെഷ്യൽ സർവീസിന്റെ സമയം മാറ്റാൻ നിർദേശിച്ച് ദക്ഷിണ റെയിൽവേ. ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സമയം രാവിലെ 5.30ന് പകരം 6.30 ആക്കണമെന്നാണ് നിർദ്ദേശം. ബംഗളൂരു നഗരത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇപ്പോഴത്തെ സമയത്ത് കന്റോൺമെന്റ് സ്റ്റേഷനിൽ എത്താൻ പ്രയാസമുണ്ട്. എന്നാൽ, ബംഗളൂരു ഡിവിഷൻ ഉൾപ്പെടുന്ന സൗത്ത് വെസ്റ്റ് റെയിൽവേ മറുപടി നൽകിയിട്ടില്ല. സ്റ്റേഷനിൽ മൂന്ന് പ്ലാറ്റ്‌ഫോം മാത്രമായതിനാൽ സമയമാറ്റത്തിന് കൂടുതൽ പരിശോധന വേണമെന്നാണ് അവരുടെ നിലപാട്.
നേരത്തേ കന്റോൺമെന്റിന് പകരം സെൻട്രൽ സ്റ്റേഷനാണ് സർവീസിനായി ആവശ്യപ്പെട്ടതെങ്കിലും ട്രെയിൻ സ്വീകരിക്കാൻ ഇടമില്ലെന്നായിരുന്നു മറുപടി. എറണാകുളം - ബംഗളൂരു വന്ദേഭാരത് സ്‌പെഷ്യൽ സർവീസിന്റെ കാലാവധി 26ന് അവസാനിക്കും. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് സർവീസ് നീട്ടിയുള്ള ഉത്തരവ് അടുത്ത ദിവസം ഇറങ്ങിയേക്കും. ഐആർസിടിസിയുടെ കണക്കിൽ എറണാകുളം - ബംഗളൂരു സർവീസിന് 105 ശതമാനം, ബംഗളൂരു - എറണാകുളം സർവീസിന് 88 ശതമാനം എന്നിങ്ങനെയാണ് ബുക്കിംഗ്. ശനി, ഞായർ ദിവസങ്ങളിൽ പലർക്കും ടിക്കറ്റ് ലഭിക്കാറില്ല.
എട്ട് കോച്ചുകളിൽ ചെയർ, എക്‌സിക്യൂട്ടീവ് ക്ലാസുകളിലായി 600 സീറ്റുകളുണ്ട്. ഒരു റേക്ക് കൂടി അനുവദിച്ച് സർവീസ് സ്ഥിരമാക്കാൻ മന്ത്രിമാർ ഉൾപ്പെടെ ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. 31 ശതമാനം യാത്രക്കാർ മാത്രമുള്ള മംഗളൂരു - ഗോവ വന്ദേഭാരതിന് കഴിഞ്ഞ മാസം അധിക റേക്ക് അനുവദിച്ചിരുന്നു.