യുക്രെയിന് താങ്ങാവാൻ ഇന്ത്യൻ കമ്പനികൾ

Saturday 24 August 2024 12:16 AM IST

ന്യൂഡൽഹി :യുദ്ധം തകർത്ത യുക്രെയിനിന്റെ പുനർനിർമ്മാണത്തിന് ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തമുറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും

പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയും തമ്മിലുള്ള ചർച്ചയിൽ ധാരണയായി.

ഇന്ത്യ - യുക്രെയിൻ ബന്ധം ഭാവിയിൽ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തും. സാമ്പത്തികം, ശാസ്ത്രം, സാങ്കേതികം, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, വ്യവസായം, ഉൽപ്പാദനം, ഗ്രീൻ എനർജി, വ്യാപാരം, വാണിജ്യം, കൃഷി, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതികവിദ്യ, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കും.

2022ൽ സംഘർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാനും മടങ്ങിയെത്തിയവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും നൽകിയ സഹായത്തിനും പിന്തുണയ്ക്കും മോദി നന്ദി പറഞ്ഞു. ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും വിസ, രജിസ്ട്രേഷൻ ഇളവ് തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഇന്നലെ രാവിലെ പോളണ്ടിൽ നിന്ന് ട്രെയിനിൽ കീവിലെത്തിയ പ്രധാനമന്ത്രിക്ക് ഉൗഷ്‌മളമായ വരവേൽപ്പ് ലഭിച്ചു. യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട കുട്ടികളുടെ സ്മരണയ്ക്കായി കീവിലെ നാഷണൽ ഹിസ്റ്റോറിക്കൽ മ്യൂസിയത്തിൽ സംഘടിപ്പിച്ച മൾട്ടിമീഡിയ പ്രദർശനം സെലൻസ്‌കിയും മോദിയും ഒന്നിച്ചാണ് വീക്ഷിച്ചത്. കുട്ടികൾക്കുണ്ടായ ജീവഹാനിയിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ആദരസൂചകമായി കളിപ്പാട്ടം സമർപ്പിച്ചു. കിവിലെ ഒയാസിസ് ഓഫ് പീസ് പാർക്കിൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ മോദി പുഷ്പചക്രം അർപ്പിച്ചു.

Advertisement
Advertisement