2040ൽ ഇന്ത്യക്കാരൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങും: കേന്ദ്രമന്ത്രി

Saturday 24 August 2024 12:38 AM IST

ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ രംഗത്ത് ഉയരങ്ങൾ കീഴടക്കുന്ന ഇന്ത്യ 2040 ൽ ഇന്ത്യക്കാരനെ ചന്ദ്രോപരിതലത്തിൽ ഇറക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചു. ആദ്യ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. 2035ഓടെ ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ (ബി.എ.എസ്) കമ്മീഷൻ ചെയ്യൽ, 2040-ഓടെ ഇന്ത്യൻ ബഹിരാകാശയാത്രികർ ചന്ദ്രനിൽ ഇറങ്ങൽ അടക്കമുള്ള 'സ്പേസ് വിഷൻ 2047'ന്റെ രൂപരേഖ ഡോ. ജിതേന്ദ്ര സിംഗ് വിശദീകരിച്ചു. ഇന്ത്യയുടെ ബഹിരാകാശ യാത്ര ചാന്ദ്ര പര്യവേക്ഷണത്തിനും അപ്പുറം പോകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബഹിരാകാശ ഗതാഗതം, പ്ലാറ്റ്‌ഫോമുകൾ, ഗ്രൗണ്ട് സ്റ്റേഷനുകൾ എന്നിവയിലെ ഇന്ത്യയുടെ കാര്യക്ഷമത ഡോ. ജിതേന്ദ്ര സിംഗ് എടുത്തുപറഞ്ഞു. ഇവ ബഹിരാകാശ മേഖലയിൽ രാജ്യത്തിന്റെ സ്വാശ്രയത്വം തെളിയിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Advertisement
Advertisement