ആക്രമിക്കപ്പെട്ടെന്ന് വെളിപ്പെടുത്തലുമായി നടി; വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് താരം

Saturday 24 August 2024 11:19 AM IST

ന്യൂഡൽഹി: റോഡിൽ ആക്രമിക്കപ്പെട്ടെന്ന് സമൂഹമാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തി നടി. കൊൽക്കത്ത റോഡിലുണ്ടായ ചെറിയൊരു അപകടത്തെത്തുടർന്ന് ബൈക്ക് യാത്രക്കാരൻ ആക്രമിക്കാൻ വന്നതായി ബംഗാളി നടിയായ പായൽ മുഖർജിയാണ് വ്യക്തമാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും നടി സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

കൊൽക്കത്ത സതേൺ അവന്യുവിലാണ് സംഭവം നടന്നത്. അപകടത്തിന് പിന്നാലെ കാറിനുമുന്നിൽ ബൈക്ക് നിർത്തിയ ചെറുപ്പക്കാരൻ തന്നോട് വാഹനത്തിൽ നിന്ന് പുറത്തിറങ്ങി വരാൻ ആവശ്യപ്പെട്ടു. നിരസിച്ചപ്പോൾ കാറിന്റെ ഗ്ളാസ് അടിച്ചുതകർത്തു. കണ്ണാടിച്ചില്ലുകൾ വീണ് കൈ മുറിഞ്ഞുവെന്നും നടി വീഡിയോയിൽ പറഞ്ഞു. സ്ത്രീസുരക്ഷ ആവശ്യപ്പെട്ട് നഗരത്തിലാകെ റാലി നടക്കുമ്പോഴാണ് ഇത്തരം സംഭവം ഉണ്ടായതെന്നും നടി ചൂണ്ടിക്കാട്ടി.

'ഇപ്പോഴത്തെ സാഹചര്യത്തിലും കൊൽക്കത്തയിൽ സ്ത്രീകൾക്ക് സുരക്ഷയില്ല. ഒരു വിജനമായ സ്ഥലത്താണ് അപകടമുണ്ടായതെങ്കിൽ എനിക്കെന്ത് സംഭവിക്കുമായിരുന്നുവെന്ന് ചിന്തിച്ച് പോകുന്നു'- പായൽ വ്യക്തമാക്കി. ഈ വാഹനത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചോയെന്ന് നിങ്ങൾ പറയൂവെന്ന് ബൈക്കിന്റെ ചിത്രം നടി പങ്കുവച്ച് നടി ചോദിച്ചു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ ഇടപെട്ടതായി പൊലീസ് അറിയിച്ചു. 'പ്രശസ്ത ബംഗാളി നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച സതേൺ അവന്യൂവിൽ നടന്ന റോഡ് അപകടവും ഗുണ്ടായിസവും ശ്രദ്ധയിൽപ്പെട്ടു. ടോളിഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടി പൊലീസ് ഉടൻ ഇടപെടുകയും പ്രതിയെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്ത'- പൊലീസ് വ്യക്തമാക്കി.