വെള്ളിത്തിരയിലെ ഗഗനചാരി
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പരാമർശം നേടിയ 'ഗഗനചാരി" എന്ന ചിത്രത്തിന്റെ നിർമ്മാതാവ് വിനായക എസ്. അജിത് കുമാർ സിനിമാ ലോകത്തേക്ക് എത്തിയത് തികച്ചും യാദൃച്ഛികം. തോൽവികളിലും തിരിച്ചടികളിലും പിൻതിരിയാത്ത
നിശ്ചയദാർഢ്യത്തിന്റെ കഥ കൂടിയാണ് ഈ ജീവിതം
ആകാശത്തിലെ പറവകൾക്ക് ലക്ഷ്യമില്ലെന്നു തോന്നും, അങ്ങോട്ടുമിങ്ങോട്ടും പറക്കുന്നതു കാണാം. എന്നാൽ അവയ്ക്കുമുണ്ട്, ഒരു ലക്ഷ്യം. 'ഗഗനചാരി" അതുപോലൊരു ലക്ഷ്യത്തിന്റെ പിറവിയാണ്. ആ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ദേശീയ- അന്തർദ്ദേശീയ പുരസ്കാരങ്ങളൊക്കെ ഉള്ളപ്പോഴും മലയാള സിനിമാലോകം എന്നും പ്രതീക്ഷിക്കുന്നത് കേരള സംസ്ഥാനത്തിന്റെ അംഗീകാരമാണ്. അതിന്റെ ഭാഗമായ സ്പെഷ്യൽ ജൂറി അംഗീകാരം ലഭിച്ചതിന്റെ ആഹ്ളാദത്തിലും അഭിമാനത്തിലുമാണ് 'ഗഗനചാരി"യുടെ ശില്പികൾ.
ഒരു സിനിമാക്കാരന്റെ മേൽവിലാസം സ്വപ്നത്തിൽപ്പോലും വന്നുചേർന്നിട്ടില്ലാത്ത വിനായക എസ്. അജിത് കുമാർ എന്ന നിർമ്മാതാവിന് 'ഗഗനചാരി"ക്കു ലഭിച്ച അംഗീകാരം അനിർവചനീയമാണ്. തോറ്റുപോയിടത്തുനിന്ന് വീണ്ടും എഴുന്നേറ്റ് ഓടാൻ ചിലർക്ക് പ്രചോദനമുണ്ടാകാം. പക്ഷേ, ഇവിടെ തോറ്റുപോയിടത്തു നിന്നുമുള്ള ഓട്ടമല്ല 'ഗഗനചാരി" എന്ന സിനിമയിലേക്ക് വിനായക എസ്. അജിത് കുമാറിനെ എത്തിച്ചത്. അതൊരു നിശ്ചയദാർഢ്യത്തിന്റെ കഥയാണ്.
ജീവിതത്തിൽ, പല പരീക്ഷണങ്ങളിലും പലവട്ടം തോറ്റുപോയിട്ടുണ്ട്. അവിടെയാക്കെ ഉയിർത്തെഴുന്നേറ്റു. ബിസിനസിന്റെ വിജയപതാക ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ തീരെ പ്രതീക്ഷിക്കാതെ സിനിമാ ലോകത്തേക്ക് പദമൂന്നി. പ്രമുഖ താരങ്ങളെയൊക്കെ അണിനിരത്തി ഒരുനിര ചിത്രങ്ങളെടുത്തു. സിനിമാ നിർമ്മാതാവ് എന്ന തിളക്കമുള്ള മേൽവിലാസം വന്നുചേർന്നു എന്നതൊഴികെ വലിയ സാമ്പത്തിക നേട്ടങ്ങളൊന്നും ഉണ്ടായില്ല. അവിടെയും തോറ്റുപോയില്ലെന്നാണ് പിന്നാമ്പുറക്കഥകൾ കണ്ടാൽ മനസിലാവുക.
സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേശ് കുമാറാണ് വർഷങ്ങൾക്കു മുമ്പ് 'ഗഗനചാരി" എന്ന ചിത്രത്തിന്റെ തിരക്കഥയെപ്പറ്റി വിനായക എസ്. അജിത് കുമാറിനോട് സംസാരിച്ചത്. കഥ കേട്ടു, ഇഷ്ടവുമായി. അരുൺ ചന്തു എന്ന സംവിധായകൻ മികവ് പ്രകടമാക്കിയ സിനിമ. നമ്മൾ സാധാരണ ചിന്തിക്കുന്ന വിഷയമല്ല, കുറച്ചു വർഷങ്ങൾക്കു ശേഷമുള്ള കഥയാണ്. കൃത്യമായി പറഞ്ഞാൽ 2043-ൽ കേരളത്തിന്റെ ജീവിതാവസ്ഥയാണ് 'ഗഗനചാരി" പറഞ്ഞത്. കോമഡി പ്രോഗ്രാമുകളിൽ പലപ്പോഴും തമാശയായി വരുംകാലത്തെ നമ്മൾ കണ്ടതാണ്.
വെറും തമാശകൾക്കും അതിശയോക്തികൾക്കും അപ്പുറം, അക്കാലത്തെ ജീവിതം അടയാളപ്പെടുത്തുകയായിരുന്നു 'ഗഗനചാരി". ആ കഥ കുറച്ച് നർമ്മവും, നമ്മുടെ മനസിന് ഉൾക്കൊള്ളാനാകാത്ത കുറേ സംഗതികളും ചേർത്തുവച്ചു എന്നത് പരമാർത്ഥം. ആ ചേർത്തുവയ്ക്കലുകളെ ഉൾക്കൊള്ളാൻ ചിലർ മാനസികമായി പാടുപെട്ടു. എന്നാൽ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേളയിലാണ് നാളെകളുടെ ജീവിതത്തെ നേരത്തേ കാട്ടിയ 'ഗഗനചാരി" സ്പെഷ്യൽ ജൂറി അംഗീകാരം നേടിയത്.
അപരിചിതമായ
ആഖ്യാനം
നമുക്ക് പരിചിതമല്ലാത്ത ഒന്നിനെ വളരെ പെട്ടെന്ന് ഉൾക്കൊള്ളാൻ പ്രയാസമാണ്. 'ഗഗനചാരി" ഭാവിയിൽ നടക്കുന്ന ഒരു കഥയാണ്. ഒരു 'ഡിസ്റ്റോപ്പിയൻ" കേരളം. അവിടെ പ്രളയത്തിനു ശേഷം വെളിച്ചെണ്ണയ്ക്കു വേണ്ടിയും സ്വർണത്തിനു വേണ്ടിയുമൊക്ക നടന്ന യുദ്ധത്തിനു ശേഷം, 2043-കളിലെ ജീവിതം. ഏലിയൻ, ശാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങി പൊതുവെ മലയാളത്തിൽ ഇറങ്ങിയാൽ വൈകാരികതയെ തൊടില്ലെന്നു കരുതുന്ന ടിപ്പിക്കൽ സയൻസ് ഫിക്ഷൻ മാതൃകകളൊക്കെ പിന്തുടരുന്ന സിനിമയാണ് അരുൺ ചന്തുവിന്റെ 'ഗഗനചാരി". തുടക്കം മുതൽ ഒടുക്കംവരെ ശുദ്ധ ഹാസ്യംകൊണ്ടും പ്രേക്ഷകരെ രസിപ്പിക്കുന്ന പോപ്പുലർ കൾച്ചർ റഫറൻസ് കൊണ്ടും ഭംഗിയായി ഒരു ഐസ് ബ്രേക്കിംഗ് നടത്തുന്നുണ്ട് 'ഗഗനചാരി".
ഈ കാലഘട്ടത്തിൽ ഇന്ത്യയിൽ- പ്രത്യേകിച്ച് കേരളത്തിലും സംഭവിച്ചേക്കാവുന്ന വിഷയങ്ങളിലൂടെയാണ് 'ഗഗനചാരി"യുടെ കഥ വികസിക്കുന്നത്. മന്ത്രി കെ.ബി. ഗണേശ് കുമാർ അവതരിപ്പിച്ച മുൻ ആർമി ഉദ്യോഗസ്ഥൻ വിക്ടർ, അദ്ദേഹത്തിന്റെ സന്തത സഹചാരികളായ അലനും (ഗോകുൽ സുരേഷ്) വൈഭവും (അജു വർഗീസ്), പിന്നെ അവരുടെ അടുത്തെത്തുന്ന അന്യഗ്രഹ ജീവിയുമാണ് (അനാർക്കലി മരിക്കാർ) സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു ഡോക്യുമെന്ററിയുടെ വിവരണ ശൈലിയാണ് സിനിമയ്ക്കും ഉപയോഗിച്ചത്.
സാങ്കല്പിക
കഥാ പരിസരം
തീർത്തും സാങ്കല്പികമായ കഥാപരിസരമായതിനാൽ കഥാപാത്രങ്ങളുടെ സംഭാഷണവും പെരുമാറ്റവും അല്പം 'ക്രേസി"യാണ്. ചന്ദ്രനിലേക്ക് വിസ കാത്തുനിൽക്കുന്ന വിക്ടറും, അന്യഗ്രഹജീവിയെ പ്രണയിക്കുന്ന അലനും, വൈബ് ജീവിതം ആഗ്രഹിക്കുന്ന വൈഭവും, ഇവരുടെ ജീവിതത്തെ നിരീക്ഷിക്കുന്ന ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലുകളും ചെറിയ സംഘർഷങ്ങളുമാണ് 'ഗഗനചാരി"യുടെ പ്രമേയം. ശരിക്കും സയൻസ് ഫിക്ഷൻ സിനിമ തന്നെയാണ്. എന്നാൽ ഒരുപാട് രാഷ്ട്രീയ അടരുകളുമുണ്ട്.
പെട്രോൾ വില വർദ്ധനവും അതുവഴിയുണ്ടാകുന്ന കലാപവുമൊക്കെ ഒരു ഭാഗത്ത്. കള്ളക്കടത്തും അടിപിടിയും ബീഫിനു പകരം പ്രത്യേകമായി നിർമ്മിച്ച ബീഫ് ഭക്ഷിക്കുന്നതുമൊക്കെ മറുഭാഗത്ത്, അങ്ങനെ ചിന്തകൾക്കും അപ്പുറമുള്ള ചിലതാണ് 'ഗഗനചാരി"യെ വ്യത്യസ്തമാക്കുന്നത്. ഒരു സിനിമയെന്നു മാത്രം പറഞ്ഞ് അവസാനിപ്പിക്കാനാകില്ല, എന്നാൽ നമ്മുടെ ഭാവി ഇങ്ങനെയൊക്കെയാണെന്ന് ഓർമ്മപ്പെടുത്താനെങ്കിലും ഈ സിനിമ വഴിയൊരുക്കുകയും ചെയ്യും. വർത്തമാനകാല യാഥാർത്ഥ്യങ്ങളെ അപ്പാടെ തള്ളിക്കളയാതെ, നാളെയുടെ ജീവനും ജീവിതവും വിവരിച്ചപ്പോഴാണ് 'ഗഗനചാരി" എന്ന സിനിമ വേറിട്ടതായത്. അത് അംഗീകാരത്തിനും വഴിതുറന്നു.
കാലം കരുതിവച്ച
നിയോഗം
കാലം കരുതിവയ്ക്കുന്ന ചില നിയോഗങ്ങളുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽപ്പോലും ചലച്ചിത്ര വ്യവസായ രംഗത്തേക്ക് കടക്കുമെന്ന് ചിന്തിച്ചിരുന്നില്ല. മറ്റൊരു പ്രേരണയാൽ മലയാള സിനിമയ്ക്ക് കൈകൊടുത്തു. കന്നിച്ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന സമയത്ത് കൂടുതൽ തിളങ്ങിയെന്നതാണ് പ്രത്യേകത. സ്പെഷ്യൽ ജൂറി പരാമർശത്തിന് അർഹമായ 'ഗഗനചാരി' എന്ന ചിത്രം വിനായക. എസ്. അജിത് കുമാറിന്റെ സിനിമയിലേക്കുള്ള കാൽവയ്പിന്റെ നിയോഗമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. 2019-ലാണ് 'ഗഗനചാരി"യുടെ തിരക്കഥ കേൾക്കാൻ കെ.ബി. ഗണേശ്കുമാർ വിനായക എസ്. അജിത്ത് കുമാറിനോട് ആവശ്യപ്പെട്ടത്. അന്ന് ഗണേശ് കുമാർ മന്ത്രിയല്ല, സഹോദരിയുടെ മകൻ സായ് തയ്യാറാക്കിയ തിരക്കഥ എന്ന നിലയിലായിരുന്നു ആ സ്നേഹനിർബന്ധം.
കഥ കേട്ടപ്പോൾ വ്യത്യസ്തത തോന്നി. രണ്ടര കോടി രൂപയ്ക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന വിലയിരുത്തലോടെ സിനിമ നിർമ്മിക്കാമെന്ന് വാക്കുകൊടുത്തു. സംവിധായകൻ അരുൺ ചന്തു അടക്കമുള്ളവരുടെ കഠിനാദ്ധ്വാനത്തിൽ നിശ്ചിത സമയംകൊണ്ട് ചിത്രം പൂർത്തിയായി. കണക്കുകൂട്ടിയതിൽ കൂടുതൽ തുക പലവഴിയിൽ ചെലവു വന്നെങ്കിലും നഷ്ടബോധം തോന്നിയില്ല. തീർത്തും ഒരു പരീക്ഷണ ചിത്രം. ചിത്രം എല്ലാ ജോലികളും തീർത്ത് റിലീസിന് തയ്യാറായെങ്കിലും, പ്രേക്ഷക പ്രതികരണം എങ്ങനെയാകുമെന്ന് ആശങ്കയുണ്ടായിരുന്നതിനാൽ റിലീസ് വല്ലാതെ നീണ്ടുപോയി. ഒടുവിൽ സിനിമ തിയേറ്ററുകളിലെത്തിയപ്പോൾ ആ പരീക്ഷണചിത്രത്തിന് ജനം കൈകൊടുത്തു.
സത്യത്തിൽ 'ഗഗനചാരി"യുടെ ചിത്രീകരണത്തിനും വർഷങ്ങൾക്കു ശേഷമുള്ള അതിന്റെ റിലീസിംഗിനു ഇടയിൽ വിനായക എസ്. അജിത് കുമാർ പ്രമുഖ താരങ്ങളെ അണിനിരത്തി സാറ്റർഡേ നൈറ്റ്, ബാന്ദ്ര, കനകരാജ്യം, മദനോത്സവം, ത്രയം തുടങ്ങി ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ചു. നിർമ്മാതാവായി പേരു കിട്ടിയെങ്കിലും സാമ്പത്തിക നേട്ടവും അംഗീകാരങ്ങളും അകന്നുതന്നെ നിന്നു. വരുന്ന ഒക്ടോബറിൽ പുതിയ ചിത്രം 'പൊന്മാൻ" തീയേറ്ററുകളിലെത്തും. സിനിമാ വ്യവസായത്തിൽ ഇങ്ങനെ അടയാളപ്പെടുത്തലുകൾ നടത്തിവരുമ്പോഴാണ് കന്നിച്ചിത്രമായ 'ഗഗനചാരി" അംഗീകാര നിറവിൽ തിളങ്ങിയത്. ഡോക്യുമെന്ററി ശൈലിയിൽ തയ്യാറാക്കിയ ചിത്രം നേരത്തേ ന്യൂയോർക്ക് ഫിലിം അവാർഡ്, ലോസ് ആഞ്ചലസ് ഫിലിം അവാർഡ് എന്നിവയും സ്വന്തമാക്കിയിരുന്നു.
കൊട്ടക കയറിയ
യൗവനം
സാധാരണ കുടുംബാംഗമായ അജിത്ത് കുമാറിന് കുട്ടിക്കാലത്തേ സിനിമ ലഹരിയാണ്. കൊട്ടാരക്കരയിലെ മിനർവ, വീനസ്, വേണുഗോപാൽ, ശാന്തി തീയേറ്ററുകളിൽ ഓടിയിരുന്ന ഒട്ടുമിക്ക ചിത്രങ്ങളും അന്നു കാണും. തലശേരിയിലേക്ക് താമസം മാറിയപ്പോഴും സിനിമാക്കമ്പം വിട്ടില്ല. തലശേരി 'ചിത്രപാണി"യിലടക്കം മിക്ക തീയേറ്ററുകളിലും സിനിമ കാണാൻ ക്യൂ നിന്നു. ഒറ്റയ്ക്കും കൂട്ടുകാർക്കൊപ്പവും കൊട്ടകയിൽ പോകും. മിമിക്സ് പരേഡ്, ഹിസ് ഹൈനസ് അബ്ദുള്ള, ഏയ് ഓട്ടോ തുടങ്ങിയ ചിത്രങ്ങൾ തീയേറ്ററിൽത്തന്നെ മൂന്നും നാലും തവണ കണ്ടിട്ടുണ്ട്. സിനിമാക്കമ്പക്കാരനാണെങ്കിലും ഒരു സിനിമ നിർമ്മിക്കാൻ തനിക്കൊരിക്കൽ നിയോഗമുണ്ടാകുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ലെന്ന് വിനായക എസ്. അജിത് കുമാർ പറയുന്നു. സുമിയാണ് വിനായക അജിത്തിന്റെ ഭാര്യ. മകൻ തക്ഷ് വിനായക അജിത്ത്.
ഗഗനചാരിക്കു ലഭിച്ച അംഗീകാരം വലിയ സന്തോഷവും ആത്മവിശ്വാസവും നൽകി. മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ അനുഗ്രഹം വാങ്ങിയാണ് തിരക്കഥ കൈയിൽ വാങ്ങിയത്, കൊട്ടാരക്കര ഗണപതി ഭഗവാനു മുന്നിൽ അത് പൂജിച്ചു, പരിചയമില്ലാത്ത മേഖലയിലും ആത്മവിശ്വാസത്തോടെ ഇറങ്ങി. ഭഗവാന്റെ അനുഗ്രഹമാണ് അന്നും ഇന്നും എന്നെ മുന്നോട്ടു നയിക്കുന്നത്.
വിനായക എസ്. അജിത് കുമാർ