ഞാൻ കൂടി ഉൾപ്പെട്ട അമ്മ സംഘടന എന്ത് നിലപാടാണ് എടുക്കുന്നതെന്ന് അറിയണം, ഇനിയും വച്ചുനീട്ടാൻ കഴിയില്ലെന്ന് ഉർവശി
ചെന്നൈ: സ്ത്രീകളുടെ കാര്യത്തിൽ അമ്മ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണെന്ന് നടി ഉർവശി. തെന്നിമാറിയുള്ള മറുപടികൾ ശരിയല്ല. സിനിമയുടെ എല്ലാ മേഖലയിലുമുള്ള പുരുഷന്മാർക്ക് അപമാനകരമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമ്മ സംഘടന ശക്തമായ നടപടി സ്വീകരിക്കണം.
അന്യഭാഷയിലെ ഒരു നടിയാണ് പരാതി പറഞ്ഞിരിക്കുന്നത്. എല്ലാ ഭാഷയിലും അതിന്റെ ചലനങ്ങളുണ്ടാകും. സിദ്ദിഖ് സംസാരിച്ചത് താന്‍ കേട്ടെന്നും അങ്ങനെയൊന്നുമല്ല, ഇങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞ് ഇനിയും ഒഴിയരുത്. ഒരു സ്ത്രീ തന്‍റെ മാനവും ലജ്ജയുമെല്ലാം മാറ്റിവച്ച് കമ്മിഷന് മുമ്പാകെ വന്ന് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് അതില്‍ നടപടി വേണമെന്നും ഉര്‍വശി ആവശ്യപ്പെട്ടു.
'സിനിമാ സെറ്റില്‍ നിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കളവാകും. എനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകള്‍ എടുപ്പിച്ചിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട്'. കതകിന് മുട്ടാന്‍ ഞാന്‍ ആരെയും സമ്മതിച്ചിട്ടില്ല, അങ്ങനെ ചെയ്താല്‍ ദുരനുഭവം അവര്‍ക്ക് ഉണ്ടാകുമെന്ന് അവര്‍ക്ക് അറിയാവുന്നത് കൊണ്ടാണെന്നും ഉര്‍വശി പറഞ്ഞു.
നിയമപരമായ കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ അമ്മയ‌്‌ക്ക് പറ്റില്ല. ഇനി ആരെയും കുറ്റം പറയാനും സമയമില്ല. താൻ ഉൾപ്പെടുന്ന സംഘടനയായ അമ്മ എന്ത് നിലപാടെടുക്കുന്നു എന്ന് അറിയണം. ഇനിയും വച്ചുനീട്ടാൻ കഴിയില്ല. ഇപ്പോൾ തന്നെ നാലരകൊല്ലം കഴിഞ്ഞുവെന്നും ഉർവശി ഓർമ്മപ്പെടുത്തി.